ഗവർണർക്കെതിരേ വീണ്ടും കോടിയേരി
Monday, January 20, 2020 12:46 AM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസർക്കാരിന്റെ പ്രീതിക്കുവേണ്ടിയാണു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനുചിതമായ അഭിപ്രായ പ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുന്നതെന്നു പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സർക്കാരിനെയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവർണർ പദവി. അത് ഇപ്പോഴത്തെ ഗവർണർ മറക്കുകയാണെന്നും സിപിഎം നേതാവ് ഇ. ബാലാനന്ദനെ അനുസ്മരിച്ചുകൊണ്ടുള്ള "പോരാട്ട വഴിയിലെ കരുത്തുറ്റ സാന്നിധ്യം' എന്ന ലേഖനത്തിൽ കോടിയേരി വിമർശിക്കുന്നു.
കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രത്തിൽ ഗവർണർക്കെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.