ഗവർണറെ ഇരുട്ടിൽ നിർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: കുമ്മനം
Monday, January 20, 2020 12:04 AM IST
പത്തനംതിട്ട: ഗവർണറെ ഇരുട്ടിൽ നിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമെന്നു മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ തന്നെ കോടതിയിൽ പോകുന്പോൾ ഭരണത്തലവനായ ഗവർണറെ അറിയിക്കാതെ ഹർജി നൽകിയത് ശരിയല്ല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ നിയമത്തിനെതിരെ ഏതെങ്കിലും ജില്ലാ പഞ്ചായത്ത് കോടതിയിൽ ഹർജി നൽകുന്നതിനു തുല്യമാണിത്. സംസ്ഥാന സർക്കാരിന്റെ നിലപാടിൽ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണു ഗവർണർ വിമർശനം നടത്തിയത്. എന്നാൽ, ഗവർണറെ എതിർക്കുന്നതല്ലാതെ ഏത് വകുപ്പുകളാണ് ഗവർണർ ലംഘിച്ചതെന്നു മുഖ്യമന്ത്രിക്ക് ഇതുവരെ പറയാൻ സാധിച്ചിട്ടില്ല. ഭരണഘടനയ്ക്കെതിരായി യാതൊന്നുംതന്നെ ഇതുവരെ കേരള ഗവർണർ പ്രവർത്തിച്ചിട്ടില്ല- അദ്ദേഹം പറ ഞ്ഞു.