അന്താരാഷ്ട്ര നാടകോത്സവം; നാടകങ്ങൾ തെരഞ്ഞെടുത്തതു ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം
Sunday, December 15, 2019 12:01 AM IST
കൊച്ചി: അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് കേരള സംഗീത നാടക അക്കാഡമി നാടകങ്ങൾ തെരഞ്ഞെടുത്തതു ചട്ടവും നിയമവും മറികടന്നാണെന്ന ആരോപണവുമായി നാടക സംവിധായകൻ അഭിമന്യു വിനയകുമാർ. വൈരാഗ്യബുദ്ധിയോടെ സംഗീത അക്കാഡമി ചെയർമാൻ നാടകം തെരഞ്ഞെടുത്തെന്നും അർഹതയുണ്ടായിട്ടും തന്റെ കുറത്തിയെന്ന നാടകത്തെ അവഗണിച്ചെന്നും അഭിമന്യു പത്രസമ്മേളനത്തിൽ ആരോപിച്ചു.
അക്കാഡമിയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ചെയർമാനോട് നിർദേശിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ തന്റെ നാടകങ്ങളെല്ലാം അന്താരാഷ്ട്ര നാടകോത്സവം അടക്കമുള്ള നിരവധി വേദികളിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ അകാരണമായി നാടകം തിരസ്കരിക്കുകയായിരുന്നു. കൃത്യമായ കാരണം പോലും നിരത്താൻ ചെയർമാനോ അക്കാഡമി അധികൃതർക്കോ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദേഹം പറഞ്ഞു.