റവന്യു വകുപ്പിൽ പരാതി നൽകാൻ മിത്രം; തുടർനടപടി ഓണ്‍ലൈനായി അറിയാം
Sunday, December 15, 2019 12:01 AM IST
തിരുവനന്തപുരം: റവന്യു മന്ത്രിക്കോ വകുപ്പ് അധികൃതർക്കോ പരാതി നൽകിയാൽ തുടർ നടപടികൾ ഓണ്‍ലൈനായി അറിയാൻ കഴിയുന്ന സംവിധാനം പുതുവർഷം മുതൽ നടപ്പിലാകുന്നു. റവന്യു മന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതി താഴേയ്ക്കു കൈമാറുന്പോൾ, സ്വീകരിക്കുന്ന ഓരോ നടപടിയും എസ്എംഎസായി പരാതിക്കാരനും മന്ത്രിയുടെ ഓഫിസിലും ഒരേ സമയം അറിയാൻ കഴിയുന്ന സോഫ്റ്റ്വേർ ഇതിനായി സജ്ജമാക്കി. ജനുവരി ആദ്യം മുതൽ ഇതു പ്രവർത്തന സജ്ജമാകും.
ഭൂമിയുമായി ബന്ധപ്പെട്ട മുന്നൂറോളം പരാതികൾ പ്രതിദിനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു നേരിട്ടും അല്ലാതെയും ലഭിക്കുന്നുണ്ട്. ഇതിൽ തുടർനടപടി നിർദേശിച്ചു ജില്ലാ കളക്ടർമാർക്കും ലാൻഡ് റവന്യു കമ്മീഷണർക്കും കൈമാറുകയാണു പതിവ്. എന്നാൽ, ഇവയിൽ ഭൂരിപക്ഷത്തിലും തീരുമാനമുണ്ടാകുന്നില്ലെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി പരാതിക്കാരനെ കൃത്യമായി അറിയിക്കാനും മന്ത്രിയുടെ ഓഫീസിനു നിരീക്ഷിക്കാനുമായി ‘മിത്രം’ എന്ന പോർട്ടൽ തുടങ്ങുന്നത്. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ആരംഭിച്ചു.
പോർട്ടൽ അടുത്ത മാസത്തോടെ പൂർണസജ്ജമാകും. റവന്യൂ മന്ത്രിക്ക് അടക്കമുള്ള എല്ലാ പരാതികളും ഇതുവഴി നൽകാം. പരാതിയുടെ ഓരോ ഘട്ടത്തിലും എസ്എംഎസ് വഴി പരാതിക്കാരനു വിവരം ലഭിക്കുകയും ചെയ്യും. പോർട്ടൽ സജ്ജമാകുന്നതോടെ റവന്യൂ മന്ത്രിക്കു നേരിട്ടു സമർപ്പിക്കുന്ന പരാതികളും മിത്രം വഴിയാകും കൈകാര്യം ചെയ്യുക.