‘മാമാങ്കം’റിലീസിംഗ് തടയണമെന്ന ഹർജി തള്ളി
Thursday, December 12, 2019 12:24 AM IST
കൊച്ചി: മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മാമാങ്കം സിനിമയുടെ റിലീസിംഗ് തടയണമെന്ന സജീവ് പിള്ളയുടെ ഹർജി ഹൈക്കോടതി തള്ളി. ചിത്രവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണൽ ജില്ലാ കോടതിയിലുള്ള കേസ് ആറു മാസത്തിനകം തീർപ്പാക്കാനും നിർദേശിച്ചു. കേസ് തീർപ്പാക്കുംവരെ തിരക്കഥാകൃത്തിന്റെ പേര് സിനിമയിലോ ഇതുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളിലോ പ്രദർശിപ്പിക്കരുതെന്നും ഇക്കാര്യം വ്യക്തമാക്കി സിനിമാ നിർമാതാവ് സത്യവാങ്മൂലം നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
സജീവ് പിള്ള 2010 ൽ കരട് തയാറാക്കി രജിസ്റ്റർ ചെയ്ത തിരക്കഥ പിന്നീട് മാമാങ്കം എന്ന പേരിൽ പരിഷ്കരിച്ചു. ഇതു സിനിമയാക്കാൻ നിർമാതാവ് വേണു കുന്നപ്പള്ളിയുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ സജീവ് പിള്ളയെ ഒഴിവാക്കി മറ്റൊരു സംവിധായകനെ നിയോഗിച്ചാണു സിനിമ പൂർത്തിയാക്കിയത്. തിരക്കഥാകൃത്തായി മറ്റൊരാളുടെ പേരാണ് ഇപ്പോൾ പറയുന്നതെന്നും തിരക്കഥയുടെ പകർപ്പവകാശം തനിക്കാണെന്നും ചൂണ്ടിക്കാട്ടിയാണു സജീവ് പിള്ള ചിത്രത്തിനെതിരേ കേസ് നൽകിയത്. റിലീസിംഗ് തടയണമെന്ന ആവശ്യം കീഴ്ക്കോടതി അനുവദിച്ചിരുന്നില്ല. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
വൻ മുതൽമുടക്കുള്ള ചിത്രം ഒരുപാടു പേരുടെ പ്രയത്നഫലമാണെന്നും തിരക്കഥാകൃത്തിന്റെ പേരിനെച്ചൊല്ലി റിലീസിംഗ് തടഞ്ഞാൽ വൻ നഷ്ടമുണ്ടാകുമെന്നും നിർമാതാവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നിർമാണം പൂർത്തിയാക്കി ഇന്ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അഭിഭാഷകൻ വിശദീകരിച്ചു.