യാക്കോബായ യുവജനസംഗമവും റാലിയും ഇന്ന്
Sunday, November 17, 2019 12:24 AM IST
കോതമംഗലം: യാക്കോബായ യൂത്ത് അസോസിയേഷൻ യുവജന സംഗമവും റാലിയും വിശ്വാസ പ്രഖ്യാപനവും ഇന്നു കോതമംഗലത്തു നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മാർത്തോമ്മ ചെറിയ പള്ളിയിൽനിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി തിരികെ പള്ളിയിലെത്തും. തുടർന്നു പള്ളിക്ക് ചുറ്റും മുട്ടുകുത്തിനിന്നു വിശ്വാസികൾ വിശ്വാസപ്രഖ്യാപനം നടത്തും. യൂത്ത് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രതിജ്ഞ ചൊല്ലികൊടുക്കും.
മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, സഖറിയാസ് മാർ പോളികാർപോസ്, മാത്യൂസ് മാർ അന്തിമോസ്, വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പ്രസംഗിക്കും. യാക്കോബായ സഭയിലെ 25,000ത്തോളം പേർ സംഗമത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികളായ ജോസ് സ്ലീബാ, ജോമോൻ പാലക്കാടൻ എന്നിവർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നതിനു മൂവാറ്റുപുഴ, പെരുന്പാവൂർ ഭാഗങ്ങളിൽനിന്നു വരുന്നവർ വാഹനം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിലും ഹൈറേഞ്ച്, പോത്താനിക്കാട് ഭാഗത്തുനിന്നു വരുന്നവർ വാഹനം കോഴിപ്പിള്ളി ബൈപാസിലും പാർക്ക് ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.