കണ്മണിക്കു കേന്ദ്രസർക്കാർ പുരസ്കാരം
Sunday, November 17, 2019 12:24 AM IST
മാവേലിക്കര: പോരായ്മകളിൽ തളരാതെ ഉയരങ്ങൾ കീഴടക്കുന്ന മാവേലിക്കരയുടെ കണ്മണിക്കു കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്. കണ്മണി (19)യെ തേടിയാണു കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി ശക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ ഭിന്നശേഷിക്കാരിയായ സർഗാത്മക പ്രതിഭക്കുള്ള പുരസ്കാരം എത്തിയത്.
ജന്മനാ ഇരുകൈകളും ഇല്ലാത്ത കണ്മണിയിലെ പ്രതിഭ കണ്ടെത്തിയതു പ്രൈമറി സ്കൂളിലെ അധ്യാപികയാണ്. മാതാപിതാക്കളായ ശശികുമാറിന്റെയും രേഖയുടെയും പിന്തുണയും കൂടി ലഭിച്ചപ്പോൾ കണ്മണി നാടിന്റെ മുത്തായി. കലോത്സവ വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. കാലുകൊണ്ടു 350ലേറെ ചിത്രങ്ങൾ വരച്ചു, വേദികളിൽ സംഗീത സദസ് അവതരിപ്പിച്ചു കൈയടി നേടി. ടെലിവിഷൻ ചാനൽ പരിപാടികളിൽ തിളങ്ങി. ചലച്ചിത്രത്തിൽ അഭിനയിച്ചു.