ബൈക്കപടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു
Friday, October 18, 2019 11:57 PM IST
ഈരാറ്റുപേട്ട: വാർത്താശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു. മാധ്യമം ഈരാറ്റുപേട്ട ലേഖകനും ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുൾ കരീം (64) ആണ് ഇന്നലെ ഉച്ചയോടെ സംഭവിച്ച അപകടത്തിൽ മരിച്ചത്. ഇലവീഴാപൂഞ്ചിറയിൽനിന്നു റിപ്പോർട്ടിംഗ് കഴിഞ്ഞു മടങ്ങവേ മൂന്നിലവ് വാളകത്തു സ്കൂട്ടർ നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്കു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മേലുകാവ് അസംപ്ഷൻ ആശുപത്രിയിലെ ഡോ.എൻ.ജെ. ഐസക് സ്കൂട്ടർ മറിയുന്നതിനു മുന്പ് ചാടിയിറങ്ങിയതിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദീർഘകാലമായി മാധ്യമം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട ടൗണിൽ സ്റ്റുഡിയോയും നടത്തുന്നുണ്ട്. ഭാര്യ: റംല. മക്കൾ: അനീഷ്, അജീഷ്, അനൂപ്. മരുമക്കൾ: സജ്ന, നൈമ, ജൗഹറ. കബറക്കം ഇന്ന് ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ.