സബ് ജയിലിൽ റിമാൻഡ് പ്രതി വാർഡൻമാരെ ആക്രമിച്ചു
Sunday, October 13, 2019 12:02 AM IST
മൂവാറ്റുപുഴ: മോഷണക്കേസിൽ അറസ്റ്റിലായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ആക്രമണത്തിൽ മൂന്നു ജയിൽ വാർഡന്മാർക്കു പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരായ പി.ബി. ജലീൽ, സി.ആർ. ബിനു, ടി.എം. അൻസാർ എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം പള്ളിയിലെ കന്നി 20 പെരുന്നാളിനിടെ മോഷണം നടത്തിയതിനു പിടിയിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാൻ (38) ആണ് വാർഡന്മാരെ ആക്രമിച്ചത്. ഇന്നലെ രാവിലെ കുളിക്കാനായി ജയിലിലുള്ള പ്രതികളെ പുറത്തിറക്കിയപ്പോഴായിരുന്നു ആക്രമണം.
എല്ലാവർക്കും എണ്ണ കൊടുക്കുന്നതിനിടെ ഷാജഹാൻ എണ്ണ തട്ടിക്കളഞ്ഞശേഷം വാർഡന്മാരെ ആക്രമിക്കുകയായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി സെല്ലിലടച്ചത്. മോഷണത്തിന് അറസ്റ്റിലായ സമയത്ത് ഇയാൾ അക്രമാസക്തനായി ഒരു സീനിയർ സിവിൽ പോലീസ് ഓഫീസറെ പരിക്കേൽപിച്ചിരുന്നു. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഉപകരണങ്ങൾ നശിപ്പിക്കാനും ശ്രമിച്ചിരുന്നു.