വൈദ്യുതി വകുപ്പിൽ തീവെട്ടിക്കൊള്ള: രമേശ് ചെന്നിത്തല
Saturday, September 21, 2019 11:56 PM IST
കാസര്‍ഗോഡ്: കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് സംസ്ഥാന വൈദ്യുതി വകുപ്പില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാപകമായ അഴിമതി നടക്കുമ്പോഴും വകുപ്പ് മന്ത്രി എം.എം. മണി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നതെന്നും ലാവ്ലിന് അഴിമതി നടന്നപ്പോഴും ഒന്നും അറിയില്ലെന്നുതന്നെയാണ് ഇവര്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കാസർഗോട്ട് ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
150 കോടിക്ക് തീര്‍ക്കേണ്ട ട്രാന്‍സ്ഗ്രിഡ് പദ്ധതി 350 കോടി ചെലവിട്ടാണ് പൂർത്തിയാക്കുന്നത്. കരാറുകാര്‍ക്ക് ബോര്‍ഡ് പണം വാരിക്കോരി കൊടുക്കുന്നത് അഴിമതി നടത്താനാണ്. പദ്ധതികള്‍ക്ക് കരാർ നല്‍കുന്നതിന് നിബന്ധനകൾ തയാറാക്കുമ്പോൾ കമ്പനികളുമായി ഒത്തുകളിച്ച് കൂട്ടുകച്ചവടം നടത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിക്കും സിപിഎമ്മിനും പണമുണ്ടാക്കാനാണ് ഈ പദ്ധതിക്ക് 65 ശതമാനം പണം അധികം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.