യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ്: മൂന്നാം പ്രതി കീഴടങ്ങി
Thursday, September 19, 2019 12:16 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പോലീസിൽ കീഴടങ്ങി. കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി പൗഡിക്കോണം സ്വദേശി അമർ (21) ആണ് ഇന്നലെ രാവിലെ കന്റോണ്മെന്റ് സിഐ അനിൽകുമാർ മുൻപാകെ കീഴടങ്ങിയത്.
ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് പ്രതി പോലീസിൽ കീഴടങ്ങിയത്. കത്തിക്കുത്തു കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി. അവശേഷിക്കുന്ന ഒൻപതുപേർ ഇപ്പോഴും ഒളിവിലാണ്.
കേസിലെ പ്രധാന പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്്, നസിം എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.