ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞു മരിച്ചു
Sunday, September 15, 2019 12:41 AM IST
തച്ചമ്പാറ (തൃ ശൂർ): പതിന്നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഒന്നര വയസുകാരി കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. കാഞ്ഞിരപ്പുഴ കല്ലാംകുഴി പാലക്കാപറമ്പിൽ ഷിഹാബുദീൻ - ആയിഷ ദമ്പതികളുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് ദാരുണ സംഭവം. കുഞ്ഞിനെ കാണാതായതിനെതുടർന്ന് വീടിനു പുറത്ത് ഉൾപ്പെടെ പല ഭാഗത്തും തെരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല.
അരമണിക്കൂറോളം തെരഞ്ഞതിനുശേഷമാണ് കുളിമുറിയിലെ ബക്കറ്റിൽ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.