മാലിപ്പറന്പിലച്ചന്റെ ചരമവാർഷികം ആചരിച്ചു
Sunday, September 15, 2019 12:19 AM IST
ആർപ്പൂക്കര: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടറും മഹാമിഷണറിയുമായ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ 21-ാം ചരമവാർഷികം അദ്ദേഹത്തിന്റെ മാതൃഇടവകയായ കോട്ടയം ആർപ്പൂക്കര ചെറുപുഷ്പം ഇടവകയിൽ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മിഷൻ സംഘടനയുടെ പ്രാരംഭകനും മഹാമിഷണറിയുമാണ് മാലിപ്പറന്പിലച്ചനെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സഭയുടെ യഥാർഥ ദൗത്യങ്ങളിലൊന്നാണ് മിഷൻ പ്രവർത്തനം. അതൊരിക്കലും വിസ്മരിക്കാൻ പാടില്ല. സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങളെ സഭയുടെ പൊതുപ്രശ്നമായി കാണാൻ പാടില്ലെന്നും മാർ തറയിൽ കൂട്ടിച്ചേർത്തു.
മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, അരുൺ ജോസ്, റവ. ഡോ. ഫ്രാൻസിസ് ചീരങ്കൽ, ബിനോയ് പള്ളിപ്പറന്പിൽ, ഫാ. ടോജി പുതിയാപറന്പിൽ, ഫാ. ആന്റണി പെരുമാനൂർ, അലീന ജയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. മാലിപ്പറന്പിലച്ചന്റെ കബറിടത്തിൽ നടത്തിയ പ്രാർഥനയോടെ പരിപാടികൾക്കു സമാപനമായി.