തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മീഡിയ കമ്മീഷൻ
Sunday, August 25, 2019 12:25 AM IST
കൊച്ചി: ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് മാർ ആലഞ്ചേരി തീരുമാനമെടുക്കുമെന്നു സീറോ മലബാർ മീഡിയാ കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചും കീഴ്കോടതി വിധിയെ മാനിച്ചുമായിരിക്കും എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കുകയെന്നും മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂർ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച തർക്കങ്ങളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എതിർക്കുന്ന ചില വ്യക്തികൾ വിവിധ കോടതികളിലായി സിവിലും ക്രിമിനലുമായ ഏതാനും കേസുകൾ കൊടുത്തിരുന്നു. ഇതിലൊരു കേസിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരേ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ എറണാകുളം സെഷൻസ് കോടതി തള്ളിയത്.