ജോസഫ് പറയുന്നതാണ് ആധികാരികം: മോൻസ്
Saturday, August 24, 2019 11:47 PM IST
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിന്ധിച്ചു പി.ജെ. ജോസഫ് എംഎൽഎ പറയുന്നതാണ് ആധികാരികമായ സംഘടനാ അഭിപ്രായമെന്നു പാർട്ടി നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ.
ഒഴിവുവന്ന സംഘടനാ പദവികൾ നികത്തുന്ന സമവായ ചർച്ചകളുമായി സഹകരിക്കാതെ മൂന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ആൾക്കൂട്ടയോഗം സംഘടിപ്പിച്ചു ചെയർമാനെ തെരഞ്ഞെടുത്തു പരിഹാസ്യരായവർ എന്തിനാണു കേരള കോണ്ഗ്രസ്- എമ്മിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നതെന്നു മനസിലാകുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
തൊടുപുഴയിൽ ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയോഗം തടയണമെന്ന് ആവശ്യപ്പെട്ടു ജോസ് കെ. മാണി വിഭാഗം നൽകിയ കേസ് കോട്ടയം കോടതി പരിഗണിക്കാതെ മാറ്റിവച്ച ജാള്യത മറയ്ക്കാനുള്ള റോഷി അഗസ്റ്റ്യന്റെ ശ്രമം പരിഹാസ്യമാണെന്നും മോൻസ് കുറ്റപ്പെടുത്തി.