അഭിഭാഷകർ പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം ആകണം: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
Saturday, August 24, 2019 12:44 AM IST
കൊച്ചി: അഭിഭാഷകർ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ പക്ഷം ചേരുകയും അസംഘടിത മേഖലകളിലെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും വേണമെന്നു സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതി പിഒസിയിൽ സംഘടിപ്പിച്ച അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.
സഭയിലെ വിവിധ രൂപതകളിൽനിന്നായി നൂറോളം അഭിഭാഷകർ പങ്കെടുത്തു. എംസിഎ സഭാതല പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷനും കൂരിയ മെത്രാപ്പോലീത്തയുമായ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തി.
രൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ ചെന്നിക്കര, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, വൈദികോപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കൽ, മുൻ സഭാതല പ്രസിഡന്റ് ഫിലിപ്പ് കടവിൽ, ജനറൽ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, മൂവാറ്റുപുഴ രൂപത പ്രസിഡന്റ് വി.സി. ജോർജുകുട്ടി, ജനറൽ സെക്രട്ടറി ഷിബു പനച്ചിക്കൽ, ബാബു അന്പലത്തുംകാല, എൻ.ടി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
സുപ്രീംകോടതി അഡ്വക്കറ്റ് ഫാ. പി.ഡി. മാത്യു, അഡ്വ. ഏബ്രഹാം പറ്റിയാനി എന്നിവർ ക്ലാസുകൾക്കും ചർച്ചാസമ്മേളനത്തിനും നേതൃത്വം നല്കി. വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ലീഗൽ ഫോറം രൂപീകരിച്ചു.