കന്പനി സെക്രട്ടറിമാരുടെ പ്രവർത്തനം സുതാര്യമാക്കാൻ ഇ-സിഎസ്ഇൻ നന്പർ
Saturday, August 17, 2019 11:38 PM IST
കൊച്ചി: കന്പനി സെക്രട്ടറിമാരുടെ നിയമനവും പ്രവർത്തന കാലവും നിരീക്ഷിക്കുന്നതിനും ഈ രംഗത്തു കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) ഇ-സിഎസ്ഇൻ നന്പർ ഏർപ്പെടുത്തി. ഓരോ സ്ഥാപനത്തിലും കന്പനി സെക്രട്ടറിയെ നിയമിക്കുന്പോൾ കംപ്യൂട്ടർ സംവിധാനത്തിലൂടെ അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ഈ കോഡ് സ്വയം തയാറാക്കപ്പെടും. സേവനം അവസാനിപ്പിക്കുന്നതും ഇതേ രീതിയിൽ രേഖപ്പെടുത്തും.
കൂടുതൽ മികച്ച ഭരണക്രമം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐസിഎസ്ഐ പ്രസിഡന്റ് രഞ്ജിത് പാണ്ടെ പത്രസമ്മേളനത്തിൽ അറിയിച്ചു. കന്പനി സെക്രട്ടറിമാർ നടത്തുന്ന അറ്റസ്റ്റ് ചെയ്യൽ,സാക്ഷ്യപ്പെടുത്തൽ എന്നിവ കൈകാര്യം ചെയ്യാനായി യുഡിഐഎൻ സംവിധാനവും ഏർപ്പെടുത്തി. ഏകീകൃതവും ആധുനികവുമായ ഓഡിറ്റിംഗ് മാനദണ്ഡങ്ങൾക്കും തുടക്കം കുറിച്ചു. ഓഡിറ്റിംഗിനായി നിയോഗിക്കൽ, ഓഡിറ്റിംഗ് നടപടിക്രമങ്ങളും ഡോക്യുമെന്റേഷനും, അഭിപ്രായങ്ങൾ സ്വരൂപിക്കൽ, സെക്രട്ടേറിയൽ ഓഡിറ്റ് തുടങ്ങിയ നാല് ഓഡിറ്റിംഗ് മാനദണ്ഡങ്ങളാണ് നിർദേശിച്ചിട്ടുള്ളത്.
സെക്രട്ടേറിയൽ നടപടിക്രമങ്ങൾ സംബന്ധിച്ചും ഇൻസ്റ്റിറ്റ്യൂട്ട് നാലു മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഇവയിൽ ഡയറക്ടർ ബോർഡ് ചേരുന്നതും പൊതുയോഗം വിളിക്കുന്നതും സംബന്ധിച്ച നിർദേശങ്ങൾ നിർബന്ധമാക്കി കേന്ദ്ര കന്പനികാര്യ മന്ത്രാലയം തീരുമാനമെടുത്തു. ലാഭവിഹിതം നൽകൽ, ഡയറക്ടർ ബോർഡിന്റെ റിപ്പോർട്ട് തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ കന്പനികൾക്ക് സ്വയം തീരുമാനിച്ചു പിന്തുടരാം.
ഐസിഎസ്ഐ പരീക്ഷാരീതികളിൽ മാറ്റം വരുത്താനും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പരീക്ഷയിൽ പങ്കെടുക്കാനാവും വിധം ഡിസംബർ മുതൽ മോഡ്യൂൾ ഒന്നിന്റെ ഒരു പേപ്പറിനു തുടർച്ചയായി മോഡ്യൂൾ രണ്ടിന്റെ ഒരു പേപ്പർ ആയിരിക്കും ഉണ്ടാകുക. കന്പനി സെക്രട്ടറി പ്രഫഷണൽ പ്രോഗ്രാമിലും ഇതേരീതിയിൽ മോഡ്യൂൾ ഒന്ന്, രണ്ട്, മൂന്ന് എന്നിവയുടെ ഓരോ പേപ്പറുകളാവും തുടർച്ചായി ഉണ്ടാകുക. മുഴുവൻ ഷെഡ്യൂളും ഇതേ രീതിയിലായിരിക്കും.
കന്പനി സെക്രട്ടറി പ്രഫഷനെക്കുറിച്ചു കൂടുതൽ ബോധവത്കരണം നടത്തുന്നതിനായി അന്താരാഷ്ട്ര കൊമേഴ്സ് ഒളിന്പിയാഡ് നടത്തും. കന്പനി സെക്രട്ടറി കോഴ്സ് രജിസ്ട്രേഷൻ ഫീസിൽ വിവിധ വിഭാഗങ്ങൾക്ക് ഇളവ് നൽകും. 58,000 അംഗങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നര ലക്ഷത്തോളം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെൻട്രൽ കൗണ്സിൽ മെന്പർ നാഗേന്ദ്ര ഡി. റാവു, കൊച്ചി ചാപ്റ്റർ ചെയർമാൻ ആഷിഷ് മോഹൻ, എസ്ഐആർസി ഐസിഎസ്ഐ ചെയർമാൻ മോഹൻ കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.