ഐഎസ്എല്‍ ഫൈനലില്‍ മോഹന്‍ ബഗാന് സൂപ്പർ ജയന്റ്സ് x ബംഗളൂരു എഫ്സി പോരാട്ടം രാത്രി 7.30ന്
Saturday, April 12, 2025 12:17 AM IST
കോല്‍ക്കത്ത: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോള്‍ ടൂര്‍ണമെന്റായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) ഇന്നു കൊട്ടിക്കലാശം.
കാല്‍പ്പന്തു കളിയുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന കോല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ രാത്രി 7.30നു നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ബംഗളൂരു എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും. ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്റെ സ്വന്തം ഗ്രൗണ്ടാണ് സാള്‍ട്ട് ലേക്ക്. ഫൈനലില്‍ പ്രവേശിച്ച ടീമുകളില്‍ മികച്ച റാങ്കുള്ള സംഘമായതിനാലാണ് മോഹന്‍ ബഗാന്റെ തട്ടകത്തില്‍ കിരീട പോരാട്ടം അരങ്ങേറുന്നത്.
ഡബിൾ മോഹിച്ച് മോഹൻ ബഗാന്
ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, സീസണ് ഡബിളിനായാണ് ഇന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്. 2023-24 സീസണിലും ലീഗ് വിന്നേഴ്സായിരുന്നു മോഹന്‍ ബഗാന്. എന്നാല്‍, കഴിഞ്ഞ സീസണ് ഐഎസ്എല്‍ കപ്പ് പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിക്കു മുന്നില്‍ 3-1നു പരാജയപ്പെട്ടു.
കഴിഞ്ഞ സീസണിലെ ഡബിള്‍ ട്രോഫി നഷ്ടം ഇത്തവണ പരിഹരിക്കുകയാണ് ഹൊസെ ഫ്രാന്‍സിസ്കൊ മൊളിനയുടെ ശിക്ഷണത്തില്‍ ഇറങ്ങുന്ന ബഗാന്റെ ലക്ഷ്യം. മുംബൈ സിറ്റി (2020-21) മാത്രമാണ് ഇതുവരെ ഐഎസ്എല്‍ ലീഗ് ഷീല്‍ഡും കപ്പും സ്വന്തമാക്കി സീസണ് ഡബിള്‍ കരസ്ഥമാക്കിയ ഏക ടീം.
സെമിയില്‍ ജംഷഡ്പുര്‍ എഫ്സിയെ ഇരുപാദങ്ങളിലുമായി 3-2നു കീഴടക്കിയാണ് മോഹന്‍ ബഗാന് കലാശപ്പോരാട്ടത്തിനു ടിക്കറ്റ് എടുത്തത്. ആദ്യപാദ സെമിയില്‍ 2-1നു പരാജയപ്പെട്ടശേഷമായിരുന്നു മോഹന്‍ ബഗാന്റെ തിരിച്ചുവരവു ജയം. അതിന് ഊര്‍ജമേകിയത് ജേസണ്‍ കമ്മിംഗ്സ്, റാല്‍റ്റെ തുടങ്ങിയവരും. 11 ഗോള്‍ നേടിയ ജാമി മക്ലാരനാണ് ലീഗില്‍ ബഗാന്റെ ടോപ് സ്കോറര്‍.
പകരം വീട്ടാന്‍ ബംഗളൂരു
2022-23 സീസണ് ഐഎസ്എല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി പോരാട്ടത്തില്‍ മോഹന്‍ ബഗാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന്റെ കണക്കു തീര്‍ക്കാനാണ് സുനില്‍ ഛേത്രിയുടെ ബംഗളൂരു എഫ്സിയുടെ ശ്രമം. നിശ്ചിത സമയത്തിനും അധികസമയത്തിനുംശേഷം 2-2 സമനിലയായതോടെയായിരുന്നു ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഷൂട്ടൗട്ടില്‍ 4-3ന്റെ ജയത്തോടെ മോഹന്‍ ബഗാന് ചാമ്പ്യന്മാരായി. 2018-19 സീസണിനുശേഷം രണ്ടാം ഐഎസ്എല്‍ ചാമ്പ്യന്‍ഷിപ്പ് കപ്പിനായാണ് ബംഗളൂരു ഇന്ന് ഇറങ്ങുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരമായ സുനില്‍ ഛേത്രിയുടെ (14 ഗോള്‍) സ്കോറിംഗ് മികവാണ് നീലപ്പടയുടെ കരുത്ത്.