കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് ജയം
Saturday, April 12, 2025 12:17 AM IST
ചെന്നൈ: സൂപ്പര്‍ കിംഗ്സിന്റെ തട്ടകത്തില്‍ സൂപ്പര്‍ കിംഗായത് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്ന്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും സൂപ്പര്‍ സുനിലായി നരെയ്ന് മാറിയപ്പോള്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് ജയം. നാല് ഓവറില്‍ 13 റണ്‍സിന് മൂന്നു വിക്കറ്റും 18 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 44 റണ്‍സും സ്വന്തമാക്കിയ സുനില്‍ നരെയ്നാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കോല്‍ക്കത്തയുടെ അജിങ്ക്യ രഹാനെ (20*), റിങ്കു സിംഗ് (15*) എന്നിവര്‍ പുറത്താകാതെ നിന്നു.
സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയ എം.എസ്. ധോണിക്ക് നാണംകെട്ട തോല്‍വിയായിരുന്നു കോല്‍ക്കത്ത കരുതിവച്ചത്. 2025 സീസണ് ഐപിഎല്ലിലെ ഏറ്റവും ചെറിയ സ്കോറായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേത്, 20 ഓവറില്‍ 103/9. സ്വന്തം തട്ടകത്തില്‍ ചെന്നൈയുടെ ഏറ്റവും ചെറിയ സ്കോറാണിത്. ഈ സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ തുടര്‍ച്ചയായി അഞ്ച് തോല്‍വി വഴങ്ങുന്നത് ഇതാദ്യം.
അടപടലം വീണു
ടോസ് നേടിയ കോല്‍ക്കത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിന് എതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലു വിക്കറ്റ് ജയം നേടിയ പിച്ചിലായിരുന്നു മത്സരം. സ്പിന്നിനെ തുണയ്ക്കുന്ന കറുത്ത പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള രഹാനെയുടെ ബൗളിംഗ് തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അടപടലം വീഴ്ത്തി.
നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വെയെ (11 പന്തില്‍ 12) നഷ്ടപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിനു പിന്നീട് നിവര്ന്നുനില്ക്കാന് സാധിച്ചില്ല. രചിന് രവീന്ദ്ര (ഒമ്പത് പന്തില്‍ നാല്), വിജയ് ശങ്കര്‍ (21 പന്തില്‍ 29), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16), ആര്. അശ്വിന് (ഏഴ് പന്തില്‍ ഒന്ന്), രവീന്ദ്ര ജഡേജ (രണ്ട് പന്തില്‍ പൂജ്യം), ദീപക് ഹൂഡ (നാലു പന്തില്‍ പൂജ്യം), ക്യാപ്റ്റന്‍ എം.എസ്. ധോണി (നാലു പന്തില്‍ ഒന്ന്), നൂര്‍ അഹമ്മദ് (എട്ടു പന്തില്‍ ഒന്ന്) എന്നിങ്ങനെ ഒന്നിനുപുറകേ മറ്റൊന്നായി സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ പവലിയനിലേക്കു മടങ്ങി. ശിവം ദുബെയും (29 പന്തിൽ 31 നോട്ടൗട്ട്) അന്‍ഷുല്‍ കാംബോജും (മൂന്നു പന്തിൽ മൂന്ന് നോട്ടൗട്ട്) ചേര്‍ന്ന് ഓള് ഔട്ട് എന്ന നാണക്കേടില്‍നിന്ന് സിഎസ്കെയെ രക്ഷിച്ചു.
കറക്കി വീഴ്ത്തി
കോല്‍ക്കത്തന്‍ നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ കണ്ടത്. സുനില്‍ നരെയ്നായിരുന്നു കെകെആറിന്റെ സ്പിന്‍ ആക്രമണം നയിച്ചത്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നരെയ്ന് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സിന് രണ്ടും മൊയീന്‍ അലി 20 റണ്‍സിന് ഒരു വിക്കറ്റും സ്വന്തമാക്കി. 12 ഓവറില്‍ കെകെആര്‍ സ്പിന്നര്‍മാര്‍ 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് പിഴുതു.
683 ദിനത്തിനുശേഷം ക്യാപ്റ്റന്‍ ധോണി
ഐപിഎല്ലില്‍ 683 ദിനത്തിന്റെ ഇടവേളയ്ക്കുശേഷം എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരമായിരുന്നു. ഐപിഎല്ലില്‍ ഏറ്റവും പ്രായമുള്ള ക്യാപ്റ്റന്‍ (43 വര്‍ഷവും 278 ദിവസവും) എന്ന റിക്കാര്‍ഡും ധോണി ഇന്നലെ കുറിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ക്യാപ്റ്റനാകുന്ന ആദ്യ അണ്‍ക്യാപ്ഡ് താരവുമായി എം.എസ്. ധോണി.