ചർച്ചിൽ/ ഇന്റർ കാശി?
Saturday, April 12, 2025 12:17 AM IST
കോൽക്കത്ത: 2024-25 സീസൺ ഐ ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പ് ആർക്കെന്ന് ഇന്നറിയാം. ഇന്റർ കാശിയുടെ അപ്പീലിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കമ്മിറ്റി വിധി ഇന്നു പ്രഖ്യാപിക്കുന്നതോടെയാണിത്.
ലീഗിലെ 22 മത്സരങ്ങൾ പൂർത്തിയാക്കി 40 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സാണ് ഒന്നാം സ്ഥാനത്ത്. 39 പോയിന്റുമായി ഇന്റർ കാശി രണ്ടാമതുണ്ട്. ജനുവരിയിൽ നടന്ന മത്സരത്തിൽ നാംധാരി എഫ്സി അനുവദനീയമല്ലാത്ത കളിക്കാരെ കളിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്റർ കാശി അപ്പീൽ നൽകിയിരുന്നു.
ചട്ടവിരുദ്ധമായി കളിച്ചു!
ജനുവരി 13ന് നടന്ന മത്സരത്തിൽ നാംധാരി എഫ്സി ചട്ടവിരുദ്ധമായി കളിക്കാരെ കളിപ്പിച്ചു എന്നതാണ് ഇന്റർ കാശിയുടെ പരാതി. മത്സരത്തിൽ ഇന്റർ കാശി പരാജയപ്പെട്ടിരുന്നു. ഇന്റർ കാശിയുടെ അപ്പീലിന് അനുകൂല വിധിയുണ്ടായാൽ മൂന്നു പോയിന്റ് കൂടി നേടി 42 പോയിന്റുമായി ഐ ലീഗിലെ തങ്ങളുടെ കന്നിക്കിരീടത്തിന് ഇന്റർ കാശി അവകാശിയാകും.
അതേസമയം, ഇന്റർ കാശിയുടെ അപ്പീൽ നിരസിക്കപ്പെട്ടാൽ 12 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് നിലവിലെ ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സ് മൂന്നാം വട്ടം ഐ ലീഗ് കപ്പ് ഉയർത്തും.
ഒരു കോടി രൂപയും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിലേക്കുള്ള പ്രമോഷനുമാണ് ഐ ലീഗ് ജേതാക്കളെ കാത്തിരിക്കുന്നത്.