റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ ഗുജറാത്ത് ടൈറ്റൻസിനു ജയം
Thursday, April 3, 2025 2:06 AM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ 2025 സീസണിലെ ആദ്യ ഹോം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു തോൽവി.
ഗുജറാത്ത് ടൈറ്റൻസ് എട്ടു വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി. 13 പന്തുകൾ ബാക്കിവച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ജയം സ്വന്തമാക്കിയത്. മിയാൻ, ഡിഎസ്പി എന്നീ പേരുകൾ നൽകിയ ബംഗളൂരു ആരാധകർക്കു മുന്നിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ജഴ്സിയിലെത്തിയ മുഹമ്മദ് സിറാജിന്റെ മിന്നും ബൗളിംഗാണ് (3/19) ആർസിബിയുടെ തോൽവിക്കു കാരണം. സിറാജ് ആണ് പ്ലെയർ ഓഫ് ദ മാച്ച്.
170 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് ഓപ്പണർമാരായ സായ് കിഷോർ (36 പന്തിൽ 49), ശുഭ്മാൻ ഗിൽ (14 പന്തിൽ 14) എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് നഷ്ടപെട്ടത്. ജോസ് ബട്ലര് 39 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും അടക്കം 73 റണ്‍സുമായും റൂഥർഫോഡ് 18 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 30 റണ്‍സുമായും പുറത്താകാതെ നിന്നു.
ബംഗളൂരു x ഗുജറാത്ത് ഐപിഎല്‍ പോരാട്ടങ്ങളില്‍ ഇതുവരെ ചേസ് ചെയ്ത ടീമുകള്‍ക്കാണ് ജയമെന്ന ചരിത്രം മുന്നില്‍ക്കണ്ട് ശുഭ്മാന്‍ ഗില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനം ശരിവയ്ക്കുന്ന തീപ്പന്തുകളുമായി മുഹമ്മദ് സിറാജ് പവര്‍ പ്ലേയില്‍ തന്റെ പവര്‍ വെളിപ്പെടുത്തി. 4.4 ഓവറില്‍ 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു നഷ്ടപ്പെട്ടത്. പിച്ചിലെ പച്ചപ്പ് കണ്ടുള്ള ഗില്ലിന്റെ തീരുമാനം ശരിവച്ച് ഏഴാം ഓവറില്‍ ആര്‍സിബിയുടെ നാലാം വിക്കറ്റും കൊഴിഞ്ഞു.
സിറാജ് റിട്ടേണ്‍സ്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി ഇക്കാലമത്രയും കളിച്ച മുഹമ്മദ് സിറാജ് ആദ്യമായി മറ്റൊരു ടീമിന്റെ ജഴ്സിയില്‍ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങിയ മത്സരമായിരുന്നു ഇന്നലത്തേത്. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ദേവ്ദത്ത് പടിക്കലിനെ (4) ബൗള്‍ഡാക്കി പഴയ ഹോം ഗ്രൗണ്ടില്‍ സിറാജ് തന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു.
അഞ്ചാം ഓവറിന്റെ നാലാം പന്തില്‍ ഫില്‍ സാള്‍ട്ടിനെയും (14) സിറാജ് ബൗള്‍ഡാക്കി. വിരാട് കോഹ് ലിയെ (7) പുറത്താക്കി അര്‍ഷാദ് ഖാനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ് സ്കോററായ ഇയാം ലിവിംഗ്സ്റ്റണിനെയും (50) സിറാജ് മടക്കി. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള മടങ്ങിവരവില്‍ സിറാജ് സ്വന്തമാക്കിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ വിക്കറ്റ് നേട്ടത്തില്‍ മുഹമ്മദ് സിറാജ് (22 ഇന്നിംഗ്സില്‍ 29) ഒന്നാം സ്ഥാനത്ത് എത്തി. സഹീര്‍ ഖാനെയാണ് (25 ഇന്നിംഗ്സില്‍ 28 വിക്കറ്റ്) സിറാജ് പിന്തള്ളിയത്.
ലിവിംഗ്സ്റ്റണ് ലൈഫ്
ആര്‍സിബിയുടെ ഇന്നിംഗ്സിനു ജീവന് നല്‍കിയത് 40 പന്തില്‍ അഞ്ച് സിക്സും ഒരു ഫോറും അടക്കം 54 റണ്‍സ് നേടിയ ലിവിംഗ്സ്റ്റണ് ആണ്. ഐപിഎല്ലില്‍ 1000 റണ്‍സ് ക്ലബ്ബില്‍ ലിവിംഗ്സ്റ്റണ് എത്തി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും (21 പന്തില്‍ 33) ടിം ഡേവിഡും (18 പന്തില്‍ 32) മാത്രമാണ് ആര്‍സിബി ഇന്നിംഗ്സില്‍ 20 കടന്ന മറ്റു ബാറ്റര്‍മാര്‍.
ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി സിറാജിനു പുറമേ സായ് കിഷോര്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ, അര്‍ഷാദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ റാഷിദ് ഖാനാണ് ഗുജറാത്ത് നിരയില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ ബൗളര്‍.