പഞ്ചാബിനും ശ്രേയസ് ഉണ്ടാകുമോ?
Thursday, April 3, 2025 2:06 AM IST
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ് വന്‍ ഹൈപ്പിലാണ്.
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ പോരാട്ട രംഗത്ത് ഉണ്ടെങ്കിലും ഇതുവരെ ചാമ്പ്യന്‍പട്ടത്തില്‍ എത്താന്‍ സാധിക്കാത്ത ടീം എന്ന നാണക്കേട് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സിയില്‍ മായ്ക്കപ്പെടുമെന്നാണ് പഞ്ചാബ് കിംഗ്സിന്റെ നിലവിലെ വിശ്വാസം. ആ വിശ്വാസം അടിയുറച്ചതാക്കിയത്
പഞ്ചാബ് കിംഗ്സ് 2025 സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതാണ്. ആദ്യജയം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 11 റണ്‍സിനും രണ്ടാംജയം ലക്നോ സൂപ്പര്‍ ജയന്റ്സിന് എതിരേ എട്ടു വിക്കറ്റിനും. ശനിയാഴ്ച രാജസ്ഥാന് റോയല്‍സിന് എതിരേയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
ക്യാപ്റ്റന്‍സി മികവ്
ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബ് കിംഗ്സ് കന്നി ഐപിഎല്‍ കിരീടത്തില്‍ എത്തുമെന്നു പ്രതീക്ഷിക്കാന്‍ സീസണിലെ ആദ്യ രണ്ടു ജയങ്ങള്‍ മാത്രമല്ല കാരണം. ഐപിഎല്ലില്‍ രണ്ടു ടീമുകളെ ഫൈനലില്‍ എത്തിക്കുകയും അതില്‍ ഒരു ടീമിനെ ചാമ്പ്യന്മാരാക്കുകയും ചെയ്ത ചരിത്രം ശ്രേയസ് അയ്യറിനുണ്ട്. ഐപിഎല്‍ ഫൈനലില്‍ രണ്ടു വ്യത്യസ്ത ടീമുകളെ എത്തിച്ച ഏക ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍.
2020 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ശ്രേയസ് അയ്യര്‍ എന്ന ക്യാപ്റ്റന്‍ ആദ്യമായി ഫൈനലില്‍ എത്തിച്ചത്. 2024ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായപ്പോള് ശ്രേയസ് അയ്യരായിരുന്നു നായകന്. പഞ്ചാബ് കിംഗ്സിന് ഒപ്പവും ഈ നേട്ടത്തിലെത്താന്‍ ശ്രേയസിനു സാധിക്കുമോ എന്നതാണ് വരും ദിനങ്ങളിലെ കാത്തിരിപ്പ്.
മൈതാനത്തെ ശാന്തതയും സമ്മര്‍ദങ്ങളിലെ തന്ത്രപരമായ ബൗളിംഗ് ചെയ്ഞ്ചുകളുമെല്ലാം ക്യാപ്റ്റന്‍ എന്നനിലയില്‍ ശ്രേയസ് അയ്യറിന്റെ മറ്റു പ്ലസ് പോയിന്റുകളാണ്.
ബാറ്റിംഗ് ഫോം
2024 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു ശ്രേയസ് അയ്യര്‍. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയതില്‍ ശ്രേയസിന്റെ ബാറ്റിംഗ് നിര്‍ണായക പങ്കുവഹിച്ചെന്നു ചുരുക്കം.
2025 സീസണ് ഐപിഎല്ലിലും ശ്രേയസ് ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച ഫോമിലായിരുന്നു. മാത്രമല്ല, രണ്ടു മത്സരത്തിലും നോട്ടൗട്ടുമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന് എതിരേ 42 പന്തില്‍ 97 നോട്ടൗട്ടും ലക്നോ സൂപ്പര്‍ ജയന്റ്സിന് എതിരേ 30 പന്തില്‍ 52 നോട്ടൗട്ടും. 206.94 സ്ട്രൈക്ക് റേറ്റില്‍ 149 റണ്‍സ് ആദ്യ രണ്ടു മത്സരങ്ങളില്‍നിന്ന് ശ്രേയസ് അയ്യര്‍ സ്വന്തമാക്കി.
2025 സീസണില്‍ ശ്രേയസ് അയ്യറിന്റെ സിക്സ് ഹിറ്റിംഗ് വര്‍ധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം. ആദ്യ രണ്ടു മത്സരങ്ങളില്‍നിന്ന് 13 സിക്സ് ശ്രേയസിന്റെ ബാറ്റില്‍നിന്നു പിറന്നു. 2015ല്‍ 21 സിക്സ് അടിച്ചതാണ് ഒരു ഐപിഎല്‍ എഡിഷനില്‍ ശ്രേയസ് അയ്യറിന്റെ മികച്ച പ്രകടനം. നിലവിലെ ഫോമില്‍ ആ റിക്കാര്‍ഡ് തിരുത്തപ്പെടുമെന്ന് ഉറപ്പാണ്.