ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന്
Friday, March 7, 2025 12:39 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 2024-25 സീസണിലെ അവസാന ഹോം മത്സരം.
ഇന്നു രാത്രി 7.30നു മുംബൈ സിറ്റി എഫ്സിയാണ് സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഇതിനോടകം പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ കേരള ബ്ലാസ്റ്റേഴ്സ്, സ്വന്തം തട്ടകത്തില്‍ ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
മോശം സീസണ്
ഇവാന് വുകോമനോവിച്ചിന്റെ ശിക്ഷണത്തിനു കീഴില്‍ തുടര്‍ച്ചയായി മൂന്നു സീസണില്‍ പ്ലേ ഓഫ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ, ഏറ്റവും മോശം സീസണുകളില്‍ ഒന്നാണ് 2024-25. മുംബൈ സിറ്റിക്ക് എതിരായത് ഉള്‍പ്പെടെ രണ്ടു മത്സരങ്ങളാണ് കൊച്ചി ക്ലബ്ബിന് ഈ സീസണില്‍ ശേഷിക്കുന്നത്. 22 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു ജയവും നാലു സമനിലയും നല്കിയ 25 പോയിന്റാണ് സമ്പാദ്യം.
ലീഗ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്, 36 ഗോള്‍ വഴങ്ങി. അടിച്ചത് 31 ഗോള്‍ മാത്രം. ഇവാന് വുകോമനോവിച്ചിന്റെ ശിക്ഷണത്തില്‍ ഗോള്‍ വ്യത്യാസം പ്ലസ് ആയിരുന്ന ടീമാണ് തകര്‍ന്നു തരിപ്പണമായിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ഈസ്റ്റ് ബംഗാള്‍ (2-1), മുഹമ്മദന്‍ എസ് സി (2-1, 3-0), ചെന്നൈയിന് (3-0, 3-1), പഞ്ചാബ് എഫ്സി (1-0), ഒഡീഷ എഫ്സി (3-2) ടീമുകളെയാണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. അതില്‍ത്തന്നെ മുഹമ്മദനെയും ചെന്നൈയിനെയും രണ്ട് തവണ വീതം തോല്‍പ്പിച്ചു.
മുംബൈ നോട്ടം പ്ലേ ഓഫ്
22 മത്സരങ്ങളില്‍ 33 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സി ഇതുവരെ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചിട്ടില്ല. ഇന്നു കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാല്‍ മുംബൈ സിറ്റിക്കു പ്ലേ ഓഫ് സാധ്യത സജീവമാക്കി നിര്‍ത്താം.
24 മത്സരങ്ങളില്‍ 33 പോയിന്റുമായി ഒഡീഷ എഫ്സിയാണ് നിലവില്‍ ആറാം സ്ഥാനത്ത്. ആദ്യ ആറു സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കുക. 11ന് ബംഗളൂരു എഫ്സിക്കെതിരേ മുംബൈക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന എതിരാളി 12ന് ഹൈദരാബാദ് എഫ്സിയാണ്.