സൂപ്പർ സേവ്
Friday, March 7, 2025 12:39 AM IST
പാരീസ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ വമ്പന്മാരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍, ഇന്റര്‍ മിലാന് ടീമുകള്‍ക്കു ജയം. സൂപ്പര്‍ ക്ലാഷ് എന്നു വിശേഷിപ്പിച്ച പിഎസ്ജി x ലിവര്‍പൂള്‍ പോരാട്ടത്തില്‍ 1-0നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ ഹാര്‍വി എലിയട്ട് നേടിയ ഗോളിലായിരുന്നു ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഷോട്ടുകളുടെ എണ്ണത്തില്‍ പിഎസ്ജിയേക്കാള്‍ വളരെ പിന്നിലായിരുന്നു ലിവര്‍പൂള്‍. 27 ഷോട്ടാണ് പിഎസ്ജി തൊടുത്തത്, ലിവര്‍പൂള്‍ വെറും രണ്ടും. ഈ സീസണില്‍ ലിവര്‍പൂള്‍ ഗോള്‍ വഴങ്ങാതിരിക്കുന്ന ആറാം മത്സരമാണ്.
സൂപ്പർമാൻ ആലിസൺ
പിഎസ്ജിയുടെ ഗോളെന്നുറച്ച ഒന്‍പത് ഷോട്ടുകളാണ് ആലിസൺ ബെക്കർ എന്ന ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ചത്. ആലിസണിന്റെ ഉജ്വല സേവുകൾ ലിവർപൂളിന്റെ വലയിൽ പന്ത് എത്താൻ അനുവദിച്ചില്ല. ഒടുവിൽ എലിയട്ടിന്റെ ഗോളിൽ ലിവർപൂൾ പാരീസിൽ ജയം സ്വന്തമാക്കുകയും ചെയ്തു.
ബെന്‍ഫിക 0-1 ബാഴ്സലോണ
പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫികയ്ക്ക് എതിരായ ഏവേ പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ 1-0ന്റെ ജയം സ്വന്തമാക്കി. 22-ാം മിനിറ്റില്‍ പാ കുബാര്‍സി ചുവപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു. എന്നാല്‍, 61-ാം മിനിറ്റില്‍ റാഫീഞ്ഞ ബാഴ്സയ്ക്കു ജയമൊരുക്കി ബെന്‍ഫികയുടെ വല കുലുക്കി.
ബയേണ്‍ 3-0 ലെവര്കൂസെന്
ജര്‍മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കും ബയേര്‍ ലെവര്കൂസെനും നേര്‍ക്കുനേര്‍ ഇറങ്ങിയ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍, ബയേണ്‍ 3-0ന്റെ ജയം സ്വന്തമാക്കി. ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍ (9’, 75’ പെനാല്‍റ്റി) ഇരട്ട ഗോള്‍ നേടി. ജമാല്‍ മുസിയാലയുടെ (54’) വകയായിരുന്നു മറ്റൊരു ഗോള്‍.
ഫെയെനോര്ഡ് 0-2 ഇന്റര്‍
ഡെച്ച് ക്ലബ്ബായ ഫെയെനോര്ഡിന് എതിരായ എവേ പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മലാന് രണ്ടു ഗോള്‍ ജയം സ്വന്തമാക്കി. മാര്‍കസ് ടുറാം (38’), ലൗതാരൊ മാര്‍ട്ടിനെസ് (50’) എന്നിവരായിരുന്നു ഇന്റര്‍ മിലാനുവേണ്ടി ഗോള്‍ സ്വന്തമാക്കിയത്.
ഇതോടെ ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പ് ചരിത്രത്തില്‍ ഇന്റര്‍ മിലാനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന (18) റിക്കാര്‍ഡും അർജന്റീനക്കാരനായ ലൗതാരൊ മാര്‍ട്ടിനെസ് സ്വന്തമാക്കി.