ഐസിസി നോക്കൗട്ട് പോരാട്ട ചരിത്രത്തിൽ ഇന്ത്യക്കുമേൽ ന്യൂസിലൻഡിന് ആധിപത്യം
Friday, March 7, 2025 12:39 AM IST
ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ന്യൂസിലന്‍ഡ് എന്നും ഇന്ത്യക്കു വേദന സമ്മാനിച്ച ടീമുകളില്‍ ഒന്നാണ്. ബ്ലാക് ക്യാപ്സ് എന്നറിയപ്പെടുന്ന ന്യൂസിലന്‍ഡാണ് 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
ഞായറാഴ്ച ദുബായിലാണ് ഫൈനല്‍. ഗ്രൂപ്പ് എയില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ 44 റണ്‍സ് ജയം നേടിയിരുന്നു. എന്നാല്‍, ഐസിസി ടൂര്‍ണമെന്റില്‍ കിവീസ് ഇന്ത്യക്കുമേല്‍ ആധിപത്യമുള്ള ടീമാണെന്നതാണ് ഫൈനലില്‍ ആരാധകരുടെ ചങ്കിടിപ്പു വര്‍ധിപ്പിക്കുന്നത്.
25 വര്‍ഷം മുമ്പ് കണ്ണീര്
ന്യൂസിലന്‍ഡിനെ ഫൈനലില്‍ നേരിടുമ്പോള്‍ 25 വര്‍ഷം പഴക്കമുള്ള ഒരു കടംവീട്ടാന്‍ ഇന്ത്യക്കുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുടെ 2000 എഡിഷനില്‍ ഇന്ത്യയെ ഫൈനലില്‍ കീഴടക്കിയായിരുന്നു ന്യൂസിലന്‍ഡ് ട്രോഫിയില്‍ ചുംബിച്ചത്.
നാലു വിക്കറ്റിനായിരുന്നു ബ്ലാക് ക്യാപ്സിന്റെ ജയം. അതിനുശേഷം ഇന്ത്യ രണ്ടു തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തംവച്ചു, 2002ലും 2013ലും. മൂന്നാം ചാമ്പ്യന്‍സ് ട്രോഫിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ലക്ഷ്യം. മിച്ചല്‍ സാന്റ്നറിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കിവീസിന്റേതാകട്ടെ 2000നുശേഷം ഐസിസി ഏകദിന ട്രോഫിയും.
10 മാസത്തിനിടെ രണ്ടാം ഐസിസി കിരീടം (2024 ട്വന്റി-20 ലോകകപ്പ്) എന്ന നേട്ടമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നതെന്നതും ശ്രദ്ധേയം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അഞ്ചാം ഫൈനലാണ് ഞായറാഴ്ച നടക്കുന്നത്. ആകെ 29 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. 18 മത്സരങ്ങളില്‍ ജയം നേടി. എട്ട് മത്സരങ്ങളില്‍ തോല്‍വി. മൂന്നെണ്ണത്തില്‍ ഫലമില്ല.
ഐസിസി എന്ന കടമ്പ
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ 20 മത്സരങ്ങളിലാണ് ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 12 ജയം ന്യൂസിലന്‍ഡ് സ്വന്തമാക്കിയപ്പോള്‍ ആറ് ജയമാണ് ഇന്ത്യ നേടിയത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ഏകദിന ലോകകപ്പില്‍ 10 പ്രാവശ്യം ഏറ്റുമുട്ടി. അഞ്ച് ജയം വീതം സ്വന്തമാക്കി. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യ രണ്ട് തവണയാണ് കിവികളുമായി ഏറ്റുമുട്ടിയത്. 2000ല്‍ ഫൈനലില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് കിവികള്‍ കപ്പുയര്‍ത്തി. 2025 ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 44 റണ്‍സിന് ജയം സ്വന്തമാക്കി.
ഐസിസി ട്വന്റി-20 ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിപ്പോഴും കിവികള്‍ ജയം സ്വന്തമാക്കി. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി കപ്പ് സ്വന്തമാക്കിയ ചരിത്രവും ബ്ലാക് ക്യാപ്സിനു സ്വന്തം. ഐസിസി നോക്കൗട്ട് പോരാട്ടത്തിലും ന്യൂസിലന്‍ഡിനാണ് ജയത്തില്‍ മുന്‍തൂക്കം (3-1).