ഇന്ത്യ x ഓസ്ട്രേലിയ ചാന്പ്യൻസ് ട്രോഫി സെമി ഫൈനൽ ഉച്ചകഴിഞ്ഞ് 2.30ന്
Tuesday, March 4, 2025 2:23 AM IST
ദുബായ്: മരുപ്പച്ചയില്‍ ഇന്നു മരണമാസ് ക്രിക്കറ്റ് പോരാട്ടം. ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായി ഇന്ത്യയും ഓസ്ട്രേലിയയും ഇന്നു നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലാണ് മത്സരം, വേദി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയവും.
അഹമ്മദാബാദില്‍ അരങ്ങേറിയ 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ഒന്നടങ്കം നിശബ്ദമാക്കി പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ അഹമ്മദാബാദിലെ ലോകകപ്പ് നഷ്ടത്തിനുള്ള കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്.
കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ്. അതുകൊണ്ടുതന്നെ ഫൈനല്‍ ടിക്കറ്റിനായുള്ള മരണമാസ് പോരാട്ടമായിരിക്കും ദുബായില്‍ അരങ്ങേറുക.
വന്നവഴി
ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ പ്രവേശിച്ചത്. ലീഗിലെ മൂന്നു മത്സരങ്ങളില്‍ രണ്ട് എണ്ണവും മഴയില്‍ നഷ്ടപ്പെട്ടാണ് ഓസീസിന്റെ വരവ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവച്ച 352 റണ്‍സ് എന്ന ലക്ഷ്യം 15 പന്തുകള്‍ ബാക്കിവച്ച് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് നേടി.
ദക്ഷിണാഫ്രിക്ക x ഓസ്ട്രേലിയ മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തില്‍ വിജയ ലക്ഷ്യമായ 274 പിന്തുടരവെ 12.5 ഓവറില്‍ 109/1 എന്ന സ്കോറില്വച്ച് മഴ മത്സരം മുടക്കി.
2025 ചാമ്പ്യന്‍സ് ട്രോഫി ലീഗ് റൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച ഏക ടീമാണ് ഇന്ത്യ. ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും ആറു വിക്കറ്റിനു കീഴടക്കിയ ഇന്ത്യ, മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിനു കീഴടക്കി. 249 ഡിഫെന്‍ഡ് ചെയ്തായിരുന്നു കിവീസിന് എതിരായ ഇന്ത്യന്‍ ജയം.
മുഹമ്മദ് ഷമിയെ മാത്രമാണ് സ്പെഷലിസ്റ്റ് പേസറായി രോഹിത് ശര്‍മ ന്യൂസിലന്ഡിനെതിരേ പ്ലേയിംഗ് ഇലവനില്‍ ഇറക്കിയത്. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. മത്സരത്തില്‍ ഒമ്പതു വിക്കറ്റും സ്പിന്നര്‍മാരാണ് വീഴ്ത്തിയത് എന്നതും ശ്രദ്ധേയം.
3 കാര്യങ്ങള്‍ നിര്‍ണായകം
01 ട്രാവിസ് ഹെഡ് x ഇന്ത്യന്‍ ബൗളര്‍മാര്‍: 2022 ജനുവരി മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് (മൂന്നു ഫോര്‍മാറ്റിലും) നേടിയ ബാറ്ററാണ് ട്രാവിസ് ഹെഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകളിലും ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലുമെല്ലാം ട്രാവിസ് ഹെഡ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ സെഞ്ചുറിയോടെ ആധിപത്യം സ്ഥാപിച്ചു. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യമാത്രമാണ് ഹെഡിനെ ഒന്നില്‍ അധികം തവണ പുറത്താക്കിയത്. മുഹമ്മദ് ഷമിക്കെതിരേ 73.33 മാത്രമാണ് ഹെഡിന്റെ സ്ട്രൈക്ക് റേറ്റ്.
02 കോഹ്ലി Vs സാംപ: ആദം സാംപ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായേക്കും, പ്രത്യേകിച്ച് വിരാട് കോഹ്ലിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടം ശ്രദ്ധേയം. 2020നുശേഷം ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 41.00 മാത്രമാണ്. കോഹ്ലിയുടെ ദൗർബല്യം മുതലാക്കാന്‍ ഓസീസ് നിയോഗിക്കുക സാംപയെ ആയിരിക്കും. ഏകദിനത്തില്‍ അഞ്ച് പ്രാവശ്യം സാംപയ്ക്കു മുന്നില്‍ കോഹ്ലി കീഴടങ്ങി.
03 വരുണ്‍ Vs ഓസ്ട്രേലിയ: ന്യൂസിലന്‍ഡിന് എതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഓസീസിനെതിരേയും കളിക്കുമെന്ന് ഏകദേശം ഉറപ്പ്. ഓസീസ് ബാറ്റിംഗ് ഓര്‍ഡറിന് അപരിചിതമാണ് വരുണിന്റെ സ്പിന്‍ ആക്രമണം.
ഗ്ലെന്‍ മാക്സ്വെല്, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ മാത്രമാണ് മുമ്പ് വരുണിന്റെ പന്തുകള്‍ നേരിട്ടിട്ടുള്ളത്. ഐപിഎല്ലില്‍ വരുണിന്റെ 30 പന്തുകള്‍ മാക്സ്വെല് നേരിട്ടു, 46 റണ്‍സ് നേടി, മൂന്നു പ്രാവശ്യം ഔട്ടായി. സ്മിത്ത് 10 പന്ത് നേരിട്ടു, 14 റണ്‍സ് നേടി, വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടില്ല.