വിജയവഴിയില്‍ ഏദന്‍
Thursday, February 27, 2025 2:15 AM IST
നാഗ്പുര്‍: വളരുന്ന കേരള ക്രിക്കറ്റിനൊപ്പം ഏദന്‍ ആപ്പിള്‍ ടോം എന്ന പത്തൊമ്പതുകാരനും കുതിച്ചുയരുകയാണ്.
നാഗ്പുരില്‍ കൗമാരക്കാരനായ ഏദന്‍ ആപ്പളിനെ പരീക്ഷിക്കാനുള്ള ക്യാപ്റ്റന്റെ നീക്കം പിഴച്ചില്ല. പിച്ചിലെ ആദ്യദിനത്തിലെ ഈര്‍പ്പവും ന്യൂബോളിന്റെ തിളക്കവും പൂര്‍ണമായും മുതലാക്കിയ ഏദന്‍ 21 ഓവറുകളില്‍ 66 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
2022ല്‍ മേഘാലയക്കെതിരേ രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ ആറ് വിക്കറ്റ് നേടിയ ഏദന്‍ ആ വര്‍ഷം ഗുജറാത്തിനെതിരേ രാജ്കോട്ടില്‍ നടന്ന മത്സരത്തിലും കളിച്ചിരുന്നു. ഒരു വിക്കറ്റായിരുന്നു അന്ന് നേടാനായത്. അതിനുശേഷം ഇന്നലെ നിര്‍ണായക മത്സരത്തില്‍ എം.ഡി. നിതീഷിനൊപ്പം കേരളത്തിന്റെ ആക്രമണത്തില്‍ പങ്കാളിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി യുവതാരം പറയുന്നു.
പത്തനംതിട്ട സ്വദേശിയായ ഏദന്‍ ചെറുപ്പകാലം പിന്നിട്ടത് ഗള്‍ഫിലാണ്. ഏഴാം ക്ലാസുവരെ ഷാര്‍ജയിലായിരുന്നു പഠനം. ഏദന്റെ അച്ഛന് ആപ്പിള്‍ ടോം ഫിലിപ്പ് ഷാര്‍ജ വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്നു.
ഷാര്‍ജയിലെ ക്രിക്കറ്റ് മൈതാനത്ത് അദ്ദേഹത്തിനൊപ്പം സമയം ചെലവിട്ടതാണ് ക്രിക്കറ്റ് ഒരു കരിയറായി തെരഞ്ഞെടുക്കുന്നതില്‍ എത്തിനില്‍ക്കുന്നത്.
മുന്‍ കേരള ടീം അംഗം സോണി ചെറുവത്തൂരിന്റെ നേതൃത്വത്തില്‍ ദുബായിയിലും തിരുവനന്തപുരത്തും ലഭിച്ച പരിശീലനമാണ് തന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായകമായതെന്ന് പറഞ്ഞ ഏദന്‍, ഇന്ത്യന്‍ ടീമിലെത്തുക എന്ന ലക്ഷ്യവും മറച്ചുവയ്ക്കുന്നില്ല.