സഞ്ജു ക്യാന്പിൽ പങ്കെടുക്കാത്തതിൽ ബിസിസിഐക്ക് അതൃപ്തി
Saturday, January 18, 2025 1:02 AM IST
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കും ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനുമുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഉൾപ്പെടുന്ന കാര്യത്തിൽ സംശയം.
വയനാട്ടിൽ നടന്ന വിജയ് ഹസാരെ ട്രോഫി പരിശീലന ക്യാന്പിൽനിന്നു വിട്ടുനിന്നതാണു സഞ്ജുവിനു തിരിച്ചടിയായത്.
വ്യക്തിപരമായ കാരണങ്ങളാൽ പരിശീലനത്തിൽനിന്നു വിട്ടുനിന്ന സഞ്ജുവിനെ ടൂർണമെന്റിനുള്ള ടീമിൽനിന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ഒഴിവാക്കിയിരുന്നു. അതേസമയം, സഞ്ജു ടൂർണമെന്റിൽ പങ്കെടുക്കാതിരുന്നതിൽ ബിസിസിഐ കടുത്ത അതൃപ്തിയിലാണെന്നാണു റിപ്പോർട്ട്.
ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾ കളിക്കണമെന്ന് ആവർത്തിച്ച് പറയുന്പോഴും സീനിയർ താരങ്ങളടക്കം ഇതിന് ശ്രമിക്കുന്നതുമായ സാഹചര്യത്തിൽ സഞ്ജു മത്സരത്തിൽനിന്നു വിട്ടുനിൽക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ബിസിസിഐ അന്വേഷിക്കും.
ഇംഗ്ലണ്ടിനെതിരേ അടുത്ത ആഴ്ച ആരംഭിക്കുന്ന ട്വന്റി20 ടീമിൽ ഉൾപ്പെട്ടിട്ടുള്ള സഞ്ജുവിന് ഏകദിന ഫോർമാറ്റായ വിജയ് ഹസാരെ ടൂർണമെന്റ് കളിക്കേണ്ടതു നിർണായകമായിരുന്നു.