കോഹ്ലി, രോഹിത് രഞ്ജി ട്രോഫിയിൽ?
Wednesday, January 15, 2025 12:45 AM IST
മുംബൈ: മോശം ഫോം മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ രഞ്ജി ട്രോഫി യിൽ കളിക്കാനൊരുങ്ങി സീനിയർ താരങ്ങൾ.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മോശം ഫോമിനെത്തുടർന്നുള്ള വിമർശനങ്ങൾക്കൊടുവിൽ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
2024-25 രണ്ടാംഘട്ട രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള മുംബൈ ടീമിനൊപ്പമാണ് ഇന്നലെ രാവിലെ വാങ്കഡെയിൽ രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയത്.
അജിങ്ക്യ രഹാനക്കൊപ്പമാണ് രോഹിത് പരിശീലനം നടത്തിയത്. 23ന് ജമ്മു കാഷ്മീരിനെതിരേയാണു മുംബൈയുടെ മത്സരം. അതേസമയം, രോഹിത് ഈ മത്സരം കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. 2015ൽ ഉത്തർപ്രദേശിനെതിരേയാണ് രോഹിത് അവസാനമായി മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിച്ചത്.
മുപ്പത്തിയേഴുകാരനായ രോഹിത് ഓസ്ട്രേലിയയ്ക്കെതിരായ ടൂർണമെന്റിൽ ബാറ്റിംഗിൽ വൻ പരാജയമായിരുന്നു. 3, 9, 10, 3, 6 എന്നിങ്ങനെയായിരുന്നു ഓസീസിനെതിരേ രോഹിത്തിന്റെ സ്കോർ. 10.93 ശരാശരിയിൽ രോഹിതിന്റെ എക്കാലത്തെയും മോശം ഫോം.
ഇതോടെ വലിയ വിമർശനങ്ങൾ ഉയരുകയാണ് ടീമിൽനിന്നു പുറത്തേക്കെന്നുള്ള സൂചനകളും വന്നുതുടങ്ങി.
വിരാട് കോഹ്ലിയും സമീപകാലത്തെ മോശം ഫോമിന്റെ പിടിയിലാണ്. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണു കോഹ്ലിയും. 2012ലാണു കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.
അതേസമയം അടുത്ത രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ കോഹ്ലിയിൽനിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. കോഹ്ലിയുടെയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും പേരുകൾ രഞ്ജി ട്രോഫിക്കുള്ള പ്രാഥമിക പട്ടി കയിൽ ഉൾപ്പെടുത്തിയതായും ഡിഡിസിഎ ചീഫ് അശോക് ശർമ പറഞ്ഞു.
അതേസമയം, യുവതാരം ശുഭ്മാൻ ഗിൽ രഞ്ജി ട്രോഫി ആറാം റൗണ്ടിൽ കർണാടകയ്ക്കെതിരേ പഞ്ചാബിനായി കളിക്കും. ഓസ്ട്രേലിയയ്ക്കെതിരേ 18.60 ശരാശരിയിലായിരുന്നു ഗില്ലിന്റെ ബാറ്റിംഗ്.
കോച്ച് ഗൗതം ഗംഭീറിനു പുറമേ സെലക്ഷൻ കമ്മിറ്റി അംഗം അജിത് അഗാർക്കറുൾപ്പെടെയുള്ള മുൻതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിന്റെ പ്രാധാന്യം താരങ്ങളെ ഓർമിപ്പിച്ചിരുന്നു. ഇതോടെയാണു സീനിയർ താരങ്ങൾ ടീമിൽ സ്ഥാനം നിലനിർത്താൻ വലിയ ഇടവേളയ്ക്കുശേഷവും ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങുന്നത്.