കിരണ്‍, സിന്ധു പ്രീക്വാർട്ടറിൽ
Wednesday, January 15, 2025 12:45 AM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ മലയാളി താരം കിരണ്‍ ജോർജ് പ്രീക്വാർട്ടറിൽ. വനിത സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിലെത്തി.
ആദ്യ റൗണ്ടിൽ കിരണ്‍ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ ജപ്പാന്റെ യുഷി തനാകയെ തോൽപ്പിച്ചു. 21-19, 14-21, 27-25നാണ് കിരണിന്റെ ജയം. മറ്റൊരു മത്സരത്തിൽനിന്ന് കിഡംബി ശ്രീകാന്ത് പിന്മാറിയതോടെ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനു വാക്കോവർ ലഭിച്ചു.
ആദ്യ റൗണ്ടിൽ സിന്ധു 21-14, 22-20ന് ചൈനീസ് തായ്പേയുടെ സുംഗ് ഷൗയുനിനെ പരാജയപ്പെടുത്തി. പ്രീക്വാർട്ടറിൽ സിന്ധു ജപ്പാന്റെ മനാമി സുയുസിയെ നേരിടും.
വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടിലേ പുറത്തായി. ജപ്പാന്റെ അരിസ ഇഗാരാഷി-അയാകോ സകുരാമോട്ടോ സഖ്യത്തോട് 23-21, 21-19ന് ഇന്ത്യൻ സഖ്യം തോറ്റു. അശ്വിനി ഭട്ട്-ശിഖ ഗൗതം സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
അമൃത പ്രമുതേഷ്-സൊണാലി സിംഗ്, രശ്മി ഗണേഷ്-സാനിയ സിക്കന്ദർ സഖ്യങ്ങളും പുറത്തായി.