വനിതാ ആഷസ്: ഓസ്ട്രേലിയയ്ക്ക് ഏകദിന പരന്പര
Wednesday, January 15, 2025 12:45 AM IST
മെൽബണ്‍: വനിതകളുടെ ആഷസ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കു ജയം.
ചെറിയ സ്കോറുകൾ പിറന്ന മത്സരത്തിൽ ഓസ്ട്രേലിയ 21 റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സ്കോർ ഓസ്ട്രേലിയ 44.3 ഓവറിൽ 180 റണ്‍സിന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ട് 48.1 ഓവറിൽ 159ന് എല്ലാവരും പുറത്ത്.
മൂന്ന് ഏകദിനങ്ങളുടെ പരന്പരയിൽ ഓസ്ട്രേലിയ 2-0നു മുന്നിലെത്തി. പോയിന്റ് നിലയിൽ ഓസ്ട്രേലിയയ്ക്കു നാലു പോയിന്റായി. മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20കളും ഒരു ടെസ്റ്റുമാണു ആഷസിലുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ എലീസ് പെറിയുടെ (60) മികവിലാണ് പൊരുതാനുള്ള സ്കോറിലെത്തിയത്. സോഫി എക്ലസ്റ്റണ്‍ (10-2-35-4), ആലിസ് കാപ്സി (7-2-22-3), ലോറൻ ബെൽ (8.3-0-25-2) എന്നിവരാണ് ഓസീസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഒരു വിക്കറ്റ് ലോറൻ ഫിലറും നേടി. മൂന്നു വിക്കറ്റിന് 131 എന്ന നിലയിൽനിന്നാണ് ഓസ്ട്രേലിയ തകർന്നത്.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയൻ പന്തേറുകാർക്കു മുന്നിൽ തകർന്നു. അലാന കിംഗ് (10-0-25-4), കിം ഗാർത്ത് (10-0-37-3) എന്നിവരും അധികം റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞ ആഷ്ലി ഗാർഡ്നറും (10-2-23-1) മികവ് പുറത്തെടുത്തു. 47 റണ്‍സുമായി പുറത്താകാതെ നിന്ന എമി ജോണ്‍സ് പൊരുതിനോക്കിയെങ്കിലും ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാനായില്ല.