ഡിസംബറിൽ ബുംറ; മറികടന്നത് പാറ്റ് കമ്മിൻസിനെയും ഡാൻ പാറ്റേഴ്സണെയും
Wednesday, January 15, 2025 12:45 AM IST
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഓസ്ട്രേലിയൻ പര്യടനത്തിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ബുംറയെ ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് അവാർഡിന് അർഹനാക്കിയത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കയുടെ ഡാൻ പാറ്റേഴ്സണ്‍ എന്നിവരെയാണ് ബുംറ പിന്നിലാക്കിയത്.
ഓസ്ട്രേലിയയിൽ നടന്ന അഞ്ചു ടെസ്റ്റിൽ 32 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. എറിഞ്ഞ പന്തുകളുടെ എണ്ണത്തിൽ വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികച്ച നാലാമത്തെ ബൗളറാണ് ബുംറ. 20ൽ താഴെയുള്ള ശരാശരിയിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ താരവും ഇന്ത്യൻ പേസറാണ്.
ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയതും ബുംറമാത്രമാണ്. ഡിസംബറിൽ മാത്രം 14.22 ശരാശരിയിൽ 22 വിക്കറ്റാണ് വീഴ്ത്തിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ടു വിക്കറ്റ് വീഴ്ത്തിയ ബുംറ പ്ലെയർ ഓഫ് ദ മാച്ചായി.
അഡ്ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ നാലു വിക്കറ്റുകൾ വീഴ്ത്തി. ബ്രിസ്ബെയനിലും മെൽബണിലും ഒന്‍പത് വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. എന്നാൽ, നിർണായകമായ സിഡ്നിടെസ്റ്റിൽ പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ദിനം പത്ത് ഓവർ മാത്രം ബൗൾ ചെയ്ത താരം ഒരു വിക്കറ്റ് വീഴ്ത്തി.