റിക്കാർഡ് ജോക്കോ
Thursday, January 16, 2025 1:07 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ റിക്കാർഡ് നേട്ടത്തോടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ. പോർച്ചുഗലിന്റെ ജെയ്മി ഫാറിയയെ 6-1, 6-7(4-7), 6-3, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി. ആധികാരിക ജയത്തോടെ 25-ാം ഗ്രാൻസ്ലാം കിരീടനേട്ടമെന്ന ലക്ഷ്യത്തിലേക്ക് ഒരു സ്റ്റെപ്പ്കൂടി ജോക്കോ അടുത്തു.
ജയത്തോടെ ഓപ്പൺ കാലഘട്ടത്തിൽ ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ മത്സരം (430) കളിച്ച പുരുഷ താരമെന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 429 മത്സരങ്ങൾ കളിച്ച റോജർ ഫെഡററിനെയാണ് ജോക്കോവിച്ച് മറികടന്നത്. വനിതകളിൽ സെറീന വില്ല്യംസാണ് (423 മത്സരങ്ങൾ) ഒന്നാമത്. അതേസമയം, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജോക്കോവിച്ചിന്റെ ജയം മികച്ചതായിരുന്നില്ല.
മറ്റു പുരുഷ സിംഗിൾസ് മത്സരങ്ങളിൽ സ്പെയിന്റെ മൂന്നാം സീഡും നാല് ഗ്രാൻഡ്സ്ലാം ജേതാവുമായ കാർലോസ് അൽകരാസ് ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിൽ കടന്നു. സ്കോർ: 6-0, 6-1, 6-4. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാന്പ്രി- അൽബാനോ ഒലിവെറ്റി സഖ്യം ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായി.
റൂഡിനെ അട്ടിമറിച്ചു
പത്തൊന്പതുകാരൻ ജാകബ് മെൻസിക് അട്ടിമറി ജയത്തോടെ മൂന്നാം റൗണ്ടിൽ കടന്നു. ആറാം സീഡായ നോർവെയുടെ കാസ്പർ റൂഡിനെ 6-2, 3-6, 1-6, 4-6നാണ് മെൻസിക് അട്ടിമറിച്ചത്. മെൻസിക് ആദ്യമായാണ് ഗ്രാൻസ്ലാം ടൂർണമെന്റിൽ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്.
രണ്ടാം സീഡ് താരം ജർമനിയുടെ അലക്സാണ്ടർ സ്വരേവ് 6-1, 6-4, 6-1 സ്കോറിന് പെട്രോ മാർട്ടിൻസിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിൽ കടന്നു. സെബാസ്റ്റ്യൻ കോർദയെ അട്ടിമറിച്ച് അലക്സാണ്ടർ വ്യൂകിക്കും ജോർദാൻ തോംപ്സണെ അട്ടിമറിച്ച് നുനോ ബോർഗസും മൂന്നാം റൗണ്ടിൽ കടന്നു.
സബലെങ്ക മൂന്നോട്ട്
വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ ബലാറൂസിന്റെ അരീന സബലെങ്ക മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്പെയിന്റെ ജസിക്ക ബൗസാസിനെ 6-3, 7-5നാണ് തോൽപ്പിച്ചത്. എന്നാൽ, സബലങ്കയുടേത് ചാന്പ്യനെന്ന നിലയിൽ മികവ് പുലർത്തിയ മത്സരമായിരുന്നില്ല. മൂന്ന് പ്രാവശ്യം സെർവ് നഷ്ടപ്പെടുത്തി .
അതേസമയം, കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ആയ ഷെങ് ക്യൂൻവെൻ പുറത്തായി. ജർമനിയുടെ ലോറ സീഗ്മുൻണ്ട് 7-6(3), 6-3 എന്ന സ്കോറിനാണ് ഷെങിനെ വീഴ്ത്തിയത്. അട്ടിമറിയിൽനിന്ന് രക്ഷപ്പെട്ട മുൻ കിരീട ജേതാവ് കൂടിയായ ജാപ്പനീസ് താരം നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ കടന്നു. 20ാം സീഡ് കരോലിന മുച്ചോവയോട് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് മത്സരം തിരിച്ചുപിടിച്ചത്.
സ്കോർ: 1-6, 6-1, 6-3. 2019, 2021 കപ്പുയർത്തിയത് ഒസാക്കയായിരുന്നു. അമേരിക്കയുടെ മൂന്നാം സീഡായ കൊകോ ഗൗഫ് 6- 3, 7-5ന് ജോഡി ബറേജിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ കടന്നു.
ജസീക്ക പെഗുല, ഡയാന സ്നൈഡർ, പൗല ബദോസ, അനസ്തസ്യ പവ്ലിചെങ്കോവ, മഗ്ഡലെന ഫ്രെച്ച്, ഒൽഗ ഡാനിലോവിക്, മിറ ആൻഡ്രീവ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.