ദേവജിത് സൈകിയ ബിസിസിഐ സെക്രട്ടറി
Monday, January 13, 2025 12:58 AM IST
മുംബൈ: ബിസിസിഐയുടെ പുതിയ സെക്രട്ടറിയായി ദേവജിത് സൈകിയയെയും ട്രഷററായി പ്രഭ്തേജ് സിംഗ് ഭാട്ടിയയെയും തെരഞ്ഞെടുത്തു.
ഇന്നലെ നടന്ന ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡിയിൽ എതിരില്ലാതെയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജയ് ഷാ, ആശിഷ് ഷെലാർ എന്നിവർ രാജിവച്ച ഒഴിവുകൾ ഇതോടെ നികത്തപ്പെട്ടു.
2024 ഡിസംബർ ഒന്നു മുതൽ ഐസിസി പ്രസിഡന്റായി ജയ് ഷാ നിയമിതനായതോടെയാണ് ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിവുന്നത്. മഹാരാഷ്ട്രയുടെ കാബിനറ്റ് മന്ത്രി സ്ഥാനത്ത് എത്തിയതോടെ ആശിഷ് ഷെലാർ ബിസിസിഐ ട്രഷറർ സ്ഥാനം രാജിവച്ചിരുന്നു.
ആസാം സ്വദേശിയായ ദേവജിത് സൈകിയ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. ഛത്തീസ്ഗഡുകാരനാണ് ഭാട്ടിയ. ജയ് ഷാ ഐസിസി പ്രസിഡന്റായ ശേഷം ബിസിസിഐ സെക്രട്ടറിയുടെ പ്രത്യേക ചുമതലയിലായിരുന്നു ദേവജിത്.
ക്രിക്കറ്റർ കം അഡ്വക്കേറ്റ്
1997ൽ ഗോഹട്ടി ഹൈക്കോടതിയിൽ വക്കീൽ ജോലി ആരംഭിച്ച ദേവജിത് സൈകിയ ആസാമിന്റെ അഡ്വക്കേറ്റ് ജനറലും മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമാണ്.
രഞ്ജി ട്രോഫിയിൽ ആസാമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായിരുന്നു ദേവജിത്.
1990-91 കാലഘട്ടത്തിൽ നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ആസാമിനായി ഇറങ്ങി. എട്ട് ക്യാച്ചും ഒരു സ്റ്റംപിംഗും നടത്തി. ആറ് ഇന്നിംഗ്സ് കളിച്ച ദേവജിത് 53 റണ്‍സും നേടി.