മെദ്വദേവ് ഔട്ട്
Friday, January 17, 2025 12:40 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് 2025 സീസണിലെ വന്പൻ അട്ടിമറിയിലൂടെ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ അമേരിക്കയുടെ ലെർനർ ലീൻ പുറത്താക്കി. പുരുഷ സിംഗിൾസിൽ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3, 7-6 (7-4), 6-7 (8-10), 1-6, 7-6 (10-7) എന്ന സ്കോറിനായിരുന്നു അമേരിക്കൻ താരം അഞ്ചാം സീഡായ മെദ്വദേവിനെ അട്ടിമറിച്ചത്.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം യാനിക് സിന്നർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ വൈൽഡ്കാർഡ് ട്രിസ്റ്റാൻ സ്കൂർകെറ്റിനെ 4-6, 6-4, 6-1, 6-3ന് പരാജയപ്പെടുത്തിയാണ് സിന്നറിന്റെ മുന്നേറ്റം. 14 മത്സരങ്ങൾക്കു ശേഷമാണ് സിന്നർ എതിരാളിക്കു മുന്നിൽ ഒരു സെറ്റ് കൈവിടുന്നത്.
അമേരിക്കയുടെ നാലാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് 6-2, 6-1, 6-0ന് ക്രിസ്റ്റ്യൻ ഗാരിനെ മറികടന്ന് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രാൻസസ് ടിയാഫൊയെ അട്ടിമറിച്ച് ഫാബിയൻ മറോസ്സാൻ മൂന്നാം റൗണ്ടിൽ കടന്നു.
ഈസി ഇഗ
വനിത സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക് സ്ലോവാക്യയുടെ റെബേക്ക സ്രാംകോവയെ (6-0, 6-2) മറികടന്ന് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇറ്റലിയുടെ നാലാം സീഡ് താരം ജാസ്മിൻ പൗലിനി, ആറാം സീഡ് കസാകിസ്ഥാന്റെ എലേന റെബാക്കിന എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എൻ. ശ്രീറാം ബാലാജി-മെക്സിക്കയുടെ മിഗുൽ എയ്ഞ്ചൽ റെയ്സ് വരേല സഖ്യം രണ്ടാം റൗണ്ടിൽ കടന്നു, 6-4, 6-3.