ആരാധകരെ തല്ലിച്ചിട്ടില്ല: ബ്ലാസ്റ്റേഴ്സ് കുറിപ്പ്
Friday, January 17, 2025 12:40 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകർക്കുനേരേ പോലീസ് അക്രമമുണ്ടായതിൽ വിശദീകരണക്കുറിപ്പുമായി ക്ലബ് രംഗത്ത്.
“ക്രമസമാധാന പരിപാലനത്തിൽ പോലീസ് സേനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നൽകുവാൻ ക്ലബിന് അധികാരമില്ലെന്ന വസ്തുത ഞങ്ങൾ ഒരിക്കൽക്കൂടി ഈന്നിപ്പറയുകയാണ്.
ആരാധകർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പോലീസ് നടപടികൾ ഉണ്ടാകണമെന്ന നിർദേശം ക്ലബ് നൽകിയിട്ടില്ല. ക്രമസമാധാന പരിപാലന സംവിധാനങ്ങൾ സർക്കാർ ഭരണ സംവിധാനത്തിന് കീഴിലുള്ള കാര്യമാണെന്നതിനാൽത്തന്നെ ക്ലബിന് ഇക്കാര്യത്തിൽ ഇടപെടുവാനോ നിർദേശങ്ങൾ നൽകുവാനോ സാധിക്കുകയില്ല.
വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ അനിഷ്ട സംഭവങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുവാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ആഭ്യന്തര വകുപ്പും മറ്റ് ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങളും ഇത്തരം മുൻകരുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.
തങ്ങളുടെ അഭിപ്രായങ്ങൾ നിയന്ത്രണങ്ങളില്ലാതെ സമാധാനപരമായി പ്രകടിപ്പിക്കുവാനുള്ള അവകാശം ആരാധകർക്കുണ്ടെന്ന് ക്ലബ് ശക്തമായി വിശ്വസിക്കുന്നു. പൊതുവിടങ്ങളിൽ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അടിച്ചമർത്തപ്പെടാൻ പാടില്ല. ക്ലബിന്റെ നിർദേശ പ്രകാരമാണ് പോലീസ് ഇടപെടൽ ഉണ്ടായിട്ടുള്ളത് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധാരണാജനകവും അടിസ്ഥാന രഹിതവുമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ക്ലബ് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകും. ആരാധകർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുവാൻ എപ്പോഴും ക്ലബ് പ്രതിജ്ഞാബദ്ധരാണ്്”- പ്രസ്താവനയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
ദൂസാൻ ലഗാറ്റോർ ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: മോണ്ടിനെഗ്രോയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ ദൂസാൻ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 2026 മേയ് വരെയുള്ള കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്. മോണ്ടിനെഗ്രോയുടെ അണ്ടർ 19, 21, സീനിയർ ടീമുകളിലും കളിച്ചിട്ടുണ്ട്. മിലോസ് ഡ്രിൻസിച്ചിനു പുറമേ മറ്റൊരു മോണ്ടിനെഗ്രോക്കാരൻകൂടി ഇതോടെ ബ്ലാസ്റ്റേഴ്സ് സംഘത്തിലെത്തി.