ഇന്ത്യൻ വനിതകൾക്കു പരന്പര
Monday, January 13, 2025 12:58 AM IST
രാജ്കോട്ട്: അയർലൻഡിന് എതിരായ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. ജെമിമ റോഡ്രിഗസിന്റെ (102) കന്നി സെഞ്ചുറി പിറന്ന മത്സരത്തിൽ 116 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്നു മത്സര പരന്പര ഇന്ത്യ 2-0നു സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 370/5. അയർലൻഡ് 50 ഓവറിൽ 254/7.
ക്യാപ്റ്റൻ സ്മൃതി മന്ദാനയും (54 പന്തിൽ 73) പ്രതീക റാവലും (61 പന്തിൽ 67) ചേർന്നുള്ള ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ 156 റണ്‍സ് പിറന്നു. ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായെങ്കിലും ഹർലീൻ ഡിയോളും (84 പന്തിൽ 89) ജെമിമ റോഡ്രിഗസും ചേർന്ന് ഇന്ത്യയെ 300 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 183 റണ്‍സ് നേടി. നേരിട്ട 90-ാം പന്തിലായിരുന്നു ജെമിമയുടെ സെഞ്ചുറി. വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗത്തിലുള്ള രണ്ടാമത് സെഞ്ചുറിയാണിത്.
മറുപടിക്കിറങ്ങിയ അയർലൻഡിനുവേണ്ടി കോൾട്ടർ റെയ്ലി 80 റണ്‍സ് നേടി ടോപ് സ്കോററായി. ഇന്ത്യയുടെ ദീപ്തി ശർമ മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.