മുൻനിര മുന്നേറ്റം
Saturday, January 18, 2025 1:02 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ മുൻനിര താരങ്ങൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
മുൻ ചാന്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മച്ചാക്കിനെ അനായാസം മറികടന്ന് നാലാം റൗണ്ടിൽ കടന്നു. 6-1, 6-4, 6-4നായിരുന്നു ജോക്കോയുടെ ജയം. ജിരി ലെച്ചേക്കയാണു സെർബിയൻ താരത്തിന്റെ അടുത്ത റൗണ്ടിലെ എതിരാളി.
സ്പെയിനിന്റെ കാർലോസ് അൽകരാസും ജർമനിയുടെ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവും പ്രീക്വാർട്ടറിൽ കടന്നു. അൽകരാസ് 6-2, 6-4, 6-7(3-7), 6-2ന് പോർച്ചുഗലിന്റെ നുനോ ബോർഗസിനെ പരാജയപ്പെടുത്തിയപ്പോൾ സ്വരേവ് 6-3, 6-4, 6-4ന് യുഎസ്എയുടെ ജേക്കബ് ഫിയേർലിയെ മറികടന്നു.
അങ്കം മുറുക്കി സബലെങ്ക
വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ അരീന സബലെങ്കയടക്കമുള്ള പ്രമുഖർ മുന്നേറിയപ്പോൾ ഏഴാം സീഡ് ജസീക്ക പെഗുല അട്ടിമറിക്കപ്പെട്ടു. ജപ്പാന്റെ നവോമി ഒസാക്ക മത്സരത്തിൽനിന്ന് പിന്മാറുകയും ചെയ്തു. മൂന്നാം റൗണ്ട് മത്സരത്തിൽ സബലെങ്ക 7-6(7-5), 6-4ന് ഡെന്മാർക്കിന്റെ ക്ലാര ടൗസണെ പരാജയപ്പെടുത്തി. മിറ ആൻഡ്രീവയാണ് പ്രീക്വാർട്ടറിൽ സബലെങ്കയുടെ എതിരാളി.
കൊകോ ഗൗഫ് കാനഡയുടെ ലെയ്ല ഫെർണാണ്ടസിനെ 6-4, 6-2നു പരാജയപ്പെടുത്തി.അതേസമയം യുഎസ്എയുടെ ഏഴാം സീഡ് ജസീക്ക പെഗുലയെ അട്ടിമറിച്ച് സെർബിയയുടെ ഒൽഗ ഡാനിലോവിച്ച് നാലാം റൗണ്ടിൽ കടന്നു.
ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഷ്വാങ് ഷൂയ് സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.