ഐപിഎൽ മാർച്ച് 21ന്
Monday, January 13, 2025 12:58 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് തീയതി ബിസിസിഐ പ്രഖ്യാപിച്ചു.
18-ാം സീസണ് ഐപിഎൽ മാർച്ച് 21ന് ആരംഭിക്കും. മേയ് 25ന് കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചായിരിക്കും ഫൈനൽ. ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽവച്ചാണ് ആദ്യരണ്ടു ക്വാളിഫയർ മത്സരങ്ങൾ നടക്കുക. രണ്ടാം പ്ലേ ഓഫിനും ഫൈനലിനും കോൽക്കത്ത വേദിയാകും.
ബിസിസിഐയുടെ പുതിയ സെക്രട്ടറിയെയും ട്രഷററെയും തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക യോഗത്തിലാണ് ഐപിഎൽ 2025 സീസണ് സംബന്ധിച്ചുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്.
18-ാം സീസണ് ഐപിഎൽ മാർച്ച് 14ന് തുടങ്ങുമെന്നായിരുന്നു മുന്പു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇന്നലെ ഐപിഎൽ ഉദ്ഘാടന, സമാപന തീയതികൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഐപിഎല്ലിനായി ഒരു വർഷത്തേക്കു പുതിയ കമ്മീഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ഈ മാസം 18, 19 തീയതികളിൽ നടക്കാനിരിക്കുന്ന ബിസിസിഐ യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുക. 2025 ഐപിഎല്ലിനു മുന്പായി ടീമുകൾ എല്ലാം ഉടച്ചുവാർത്തിട്ടുണ്ട്.
മെഗാ താര ലേലത്തിലൂടെ ടീമുകൾ അടിമുടി മാറ്റവുമായാണ് 18-ാം സീസണിന് ഇറങ്ങുക. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ നവംബറിൽ നടന്ന ലേലത്തിൽ 182 കളിക്കാരെ സ്വന്തമാക്കാനായി പത്ത് ഫ്രാഞ്ചൈസികൾ ചേർന്ന് ആകെ 639.15 കോടി രൂപയാണ് ചെലവിട്ടത്.
ഡബ്ല്യുപിഎൽ ഫെബ്രുവരിയിൽ
2025 സീസണ് വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ഫെബ്രുവരി ആദ്യവാരം അരങ്ങേറുമെന്നാണ് അനൗദ്യോഗിക സൂചന. മുംബൈ, ബംഗളൂരു, ലക്നോ, വഡോദര എന്നിങ്ങനെ നാലു വേദികളിലായി ആയിരിക്കും മൂന്നാം സീസണ് ഡബ്ല്യുപിഎൽ അരങ്ങേറുക.
2023 സീസണ് മുംബൈയിലും 2024 സീസണ് ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലുമായാണ് അരങ്ങേറിയത്. മുംബൈയിലെ മത്സരങ്ങൾ ബ്രാബോണ് സ്റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് നിലവിലെ ചാന്പ്യൻ ടീം.