മൂന്നു വന്പന്മാർ; 17 ഗോൾ!
Monday, January 13, 2025 12:58 AM IST
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ടിൽ മൂന്നു വന്പന്മാർ ചേർന്ന് എതിർ പോസ്റ്റിൽ അടിച്ചുകൂട്ടിയത് 17 ഗോൾ.
പ്രീമിയർ ലീഗിലെ വന്പന്മാരായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളാണ് എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടിൽ ഏകപക്ഷീയമായ ഗോളടിമേളം നടത്തിയത്.
ചെൽസി രണ്ടാം ഡിവിഷൻ ക്ലബ്ബായ മോർകെംബിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കു കീഴടക്കി. ടോസിൻ അദരബിയോയും (39’, 70’) ജാവോ ഫീലിക്സും (75’, 77’) ചെൽസിക്കുവേണ്ടി ഇരട്ടഗോൾ സ്വന്തമാക്കി.
മാഞ്ചസ്റ്റർ സിറ്റി 8-0നു നാലാം ഡിവിഷൻ ക്ലബ്ബായ സാൽഫോഡ് സിറ്റിയെ നിലംപരിശാക്കി. ജയിംസ് മക്കാറ്റിയുടെ (62’, 72’, 81’) ഹാട്രിക്കായിരുന്നു സിറ്റിയുടെ ജയത്തിലെ ഹൈലൈറ്റ്. ജെറെമി ഡോക്കു (8’, 69’), മുബാമ (20’), നിക്കൊ ഒറെല്ലി (43’), ഗ്രീലിഷ് (49’) എന്നിവരും സിറ്റിക്കായി വലകുലുക്കി.
ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ മിന്നും ഗോൾ (45’) പിറന്ന മത്സരത്തിൽ ലിവർപൂൾ 4-0നു രണ്ടാം ഡിവിഷൻ ക്ലബ്ബായ അക്രിംഗ്ടണ് സ്റ്റാൻലിയെ കീഴടക്കി നാലാം റൗണ്ടിലേക്കു മുന്നേറി. ലെസ്റ്റർ സിറ്റി 6-2നു ക്വീൻസ് പാർക്കിനെയും ബ്രൈറ്റണ് 4-0നു നോർവിച്ചിനെയും ബേണ്മത്ത് 5-1നു വെസ്റ്റ് ബ്രോംവിച്ചിനെയും തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ വന്പൻ ജയം നേടിയവരുടെ പട്ടികയിൽ ഉൾപ്പെട്ടു.