കളരി പുറത്ത് ; കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് പി.ടി. ഉഷ
Friday, January 17, 2025 12:40 AM IST
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളം ഏറ്റവുമധികം മെഡൽ പ്രതീക്ഷ നിലനിർത്തുന്ന കളരിപ്പയറ്റ് ഉത്തരാഖണ്ഡ് ദേശീയ ഗെയിംഗിൽനിന്നു പുറത്ത്. കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സര ഇനമാക്കാൻ കഴിയില്ലെന്നു ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളം നിരവധി സുവർണ നേട്ടങ്ങൾ സ്വന്തമാക്കിയ കളരിപ്പയറ്റ് പടിക്കു പുറത്താകുമെന്ന് ഉറപ്പായി. അതേസമയം, ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന കായിക മന്ത്രാലയം രംഗത്തെത്തി. 38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ ഈ മാസം 28 മുതൽ ഫെബ്രുവരി 14വരെയാണ് അരങ്ങേറുക.
കോടതിവിധി നടപ്പാകില്ല
കളരിപ്പയറ്റ് ദേശീയഗെയിംസിൽ മത്സര ഇനമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സ്വദേശിനിയായ താരം ഡൽഹി കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സർക്കാരിനും നിർദേശം നൽകി.
എന്നാൽ, ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇനി മത്സര ഇനങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാടിലാണ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ. ഇക്കാര്യം ഇന്നലെ അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും വ്യക്തമാക്കി. നാഷ്ണൽ ഗെയിംസിലെ നിയമാവലി അനുസരിച്ചാണ് മത്സര ഇനങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും നിശ്ചിത ഇനങ്ങളിൽ കൂടുതൽ എണ്ണം തെരഞ്ഞെടുക്കാൻ കഴിയില്ലെന്നുമായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം.
കോടതി വിധിയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും ഉഷ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ്, കോമണ് വെൽത്ത് ഗെയിംസ്, ഒളിന്പിക്സ് എന്നിവയിലുള്ള 34 ഇനങ്ങളാണ് ദേശീയ ഗെയിംസിലുണ്ടാവുകയെന്നും വരും വർഷങ്ങളിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്താൻ കഴിയുമോ എന്നു പരിശോധിക്കുമെന്നും ഉഷ കൂട്ടിച്ചേർത്തു.
കേരളത്തിന് എതിർപ്പ്
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ തയാറാകാത്ത ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ നടപടി അപലപനീയമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കളരിപ്പയറ്റ് മത്സരയിനമാക്കാൻ കോടതി പറഞ്ഞിട്ടും ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് ഐഒഎ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞിരിക്കുകയാണെന്നും ഇത് തികച്ചും നിരുത്തരവാദപരമാണെന്നും മന്ത്രി പറഞ്ഞു. ഐഒഎയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശീയ ഗെയിംസിനുള്ള മത്സര ഇനങ്ങൾ തീരുമാനിക്കുന്നത് ഐഒഎ ആണ്. മലയാളിയായ പി.ടി. ഉഷ അധ്യക്ഷയായിരിക്കുന്പോൾ ഇത്തരത്തിൽ ഒരു ഒഴിവാക്കലുണ്ടായത് അന്പരപ്പിച്ചു. കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ, ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയിരുന്നു. ഒരു പ്രതികരണവും ഉണ്ടായില്ല. ദേശീയ ചാന്പ്യൻഷിപ്പുകളിൽ കളരിപ്പയറ്റ് പോലുള്ള പരന്പരാഗത കായിക ഇനങ്ങൾക്കു പ്രാധാന്യം നൽകണമെന്നത് കേന്ദ്ര കായികനയത്തിൽ വ്യക്തമാക്കുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് ഐഒഎയുടെ നടപടി. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
2023ൽ കേരളത്തിന് 22 മെഡൽ
ഗോവയിൽ 2023 ൽ നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായിരുന്നു. അന്നു കേരളം 19 സ്വർണം ഉൾപ്പെടെ 22 മെഡലുകലാണ് കളരിപ്പയറ്റിൽ നിന്നും നേടിയത്. ഇത്തവണ ദേശീയ ഗെയിംസിൽ മത്സരിക്കാനായി കേരള താരങ്ങൾ തയാറെടുത്തു നില്ക്കവേയാണ് ഐഒഎയുടെ തീരുമാനം ഇടിത്തീയായി വന്നത്.
2015ൽ കേരളം ആതിഥേയത്വം വഹിച്ച 35-ാമതു ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി പ്രദർശന ഇനമായി അവതരിപ്പിക്കപ്പെട്ടത്.
മഹാരാഷ്ട്രയിൽ നിന്നുള്ള പരന്പരാഗത കായിക ഇനമായ മല്ലഖാന്പ് 36-ാം ദേശീയ ഗെയിംസിലാണ് ആദ്യമായി ഉൾപ്പെടുത്തുന്നത്. ഇത്തവണയും മല്ലഖാന്പ് മത്സരയിനമാണ്.