തീപ്പൊരി ജയം
Saturday, January 11, 2025 12:56 AM IST
രാജ്കോട്ട്: അയർലൻഡിന് എതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറു വിക്കറ്റിന്റെ ആധികാരിക ജയം.
അയർലൻഡ് മുന്നോട്ടുവച്ച 239 റണ്‍സ് എന്ന ലക്ഷ്യം 93 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യൻ വനിതകൾ മറികടന്നു. ഇതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 1-0ന്റെ ലീഡ് സ്വന്തമാക്കി.
സ്കോർ: അയർലൻഡ് 50 ഓവറിൽ 238/7. ഇന്ത്യ 34.3 ഓവറിൽ 241/4.
ടോസ് നേടിയ അയർലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 13.3 ഓവറിൽ 56 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട അയർലൻഡിനെ ക്യാപ്റ്റൻ ഗാബി ലൂയിസും (92), ലിഹ് പോളും (59) ചേർന്നു കരകയറ്റുകയായിരുന്നു.
അഞ്ചാം വിക്കറ്റിൽ ഇരുവരും 117 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അയർലൻഡിന്റെ അഞ്ചാം വിക്കറ്റിലെ റിക്കാർഡ് കൂട്ടുകെട്ടാണിത്. ഏകദിനത്തിൽ അയർലൻഡിന്റെ റണ്‍വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ഗാബി (1414) ഇന്നലെ എത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ സ്മൃതി മന്ദാന (41), പ്രതീക റാവൽ (89) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 10 ഓവറിൽ 70 റണ്‍സ് നേടി. അഞ്ചാം നന്പറായി ക്രീസിലെത്തിയ തേജൽ ഹസബ്നിസാണ് (53 നോട്ടൗട്ട്) പിന്നീട് ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങിയത്. പ്രതീക-തേജൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 116 റണ്‍സ് പിറന്നു. പ്രതീകയാണ് പ്ലെയർ ഓഫ് ദ മാച്ച്. പരന്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.