ഫെഡററെ മറികടന്ന് മോണ്‍ഫിൽസ്
Sunday, January 12, 2025 12:39 AM IST
ഓക്ലൻഡ്: എടിപി ടൂർ സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരൻ എന്ന റിക്കാർഡ് ഇനി ഫ്രാൻസിന്റെ ഗെയ്ൽ മോണ്ഫിൽസിനു സ്വന്തം.
38 വർഷവും നാലു മാസവും പ്രായമുള്ളപ്പോൾ മോണ്‍ഫിൽസ് ഓക്ലൻഡ് ക്ലാസിക് ഫൈനലിൽ 6-3, 6-4ന് ബെൽജിയത്തിന്റെ സിസോ ബെർഗ്സിനെ തോൽപ്പിച്ചാണ് റിക്കാർഡ് കുറിച്ചത്. 1990ൽ എടിപി ടൂർ ആരംഭിച്ചശേഷം സിംഗിൾസ് ചാന്പ്യനാകുന്ന പ്രായമേറിയ താരമാണ് മോണ്‍ഫിൽസ്.
2019ൽ ബാസലിൽ സ്വിസ് ഇൻഡോർസ് ഇതിഹാസതാരം റോജർ ഫെഡറർ നേടിയപ്പോൾ 38 വർഷവും രണ്ടു മാസവുമായിരുന്നു പ്രായം. ഈ റിക്കാർഡാണ് മോണ്‍ഫിൽസ് തിരുത്തിയത്.
1977ൽ 43-ാം വയസിൽ കെൻ റോസ്വാൾ ഹോങ്കോംഗിൽ വിജയിച്ചതിന് ശേഷം ടൂർ ലെവൽ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മോണ്‍ഫിൽസ് മാറി.
നിലവിൽ ലോകറാങ്കിംഗിൽ 52 സ്ഥാനത്തുള്ള ഫ്രഞ്ച് താരത്തിന്റെ 13-ാമത് ടൂർ ലെവൽ കിരീടമാണ്.