എൽ ക്ലാസിക്കോ ഫൈനൽ
Saturday, January 11, 2025 12:55 AM IST
ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോൾ ഫൈനലിൽ ബാഴ്സലോണ x റയൽ മാഡ്രിഡ് ഫൈനൽ. 15-ാം കിരീടത്തിനായി ബാഴ്സ ഇറങ്ങുന്പോൾ 14-ാം കപ്പുയർത്തി ബാർസയ്ക്കൊപ്പം എത്തുകയെന്നതാണ് റയലിന്റെ ലക്ഷ്യം.
ഇന്ത്യൻ സമയം ഞായർ അർധരാത്രി 12.30നാണ് സൂപ്പർ കോപ്പയിലെ എൽ ക്ലാസിക്കോ ഫൈനൽ. സ്പാനിഷ് സൂപ്പർ കപ്പിൽ തുടർച്ചയായ മൂന്നാം തവണയാണ് എൽ ക്ലാസിക്കോ ഫൈനൽ അരങ്ങേറുന്നത്. ഇരുടീമും നേർക്കുനേർ വന്നപ്പോൾ ഓരോ പ്രാവശ്യം വീതം കപ്പുയർത്തി.
രണ്ടാം സെമിയിൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് റയൽ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജൂഡ് ബെല്ലിങ്ഗവും റോഡ്രിഗോയുമാണ് റയലിനായി സ്കോർ ചെയ്തത്. ഒരു ഗോൾ സെൽഫിലൂടെ എത്തി. അത്ലറ്റിക് ബിൽബാവോയെ 2-0ന് തകർത്താണ് ബാഴ്സലോണ ഫൈനലിൽ പ്രവേശിച്ചത്.
2023ലാണ് ബാഴ്സ അവസാനമായി സൂപ്പർ കോപ്പ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിനെ 1-3നാണ് ബാഴ്സ തകർത്തത്. എന്നാൽ, കഴിഞ്ഞ വർഷം പകരംവീട്ടി റയൽ ബാഴ്സയെ തോൽപ്പിച്ച് കിരീടമുയർത്തി. ഇരു ടീമും അവസാന അഞ്ചു പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ മൂന്നു ജയം റയലിനായിരുന്നു.