ട്വന്റി20: സഞ്ജു തുടരും, പന്തിനിടമില്ല
Sunday, January 12, 2025 12:39 AM IST
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ പ്രഖ്യാപിച്ചു. മികച്ച ഫോമിൽ തുടരുന്ന മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടംപിടിച്ചു.
പരിക്കിന്റെ പിടിയിൽനിന്ന് മുക്തനായ മുഹമ്മദ് ഷമി തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ട്വന്റി 20 ടീമിലുണ്ടായിരുന്ന രമണ്‍ദീപ് സിംഗ്, ജിതേഷ് ശർമ, ആവേശ് ഖാൻ, യഷ് ദയാൽ, വിജയ്കുമാർ വൈശാഖ് എന്നിവരെ ഒഴിവാക്കി. പകരം നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, ധ്രുവ് ജുറെൽ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരെ ഉൾപ്പെടുത്തി.
അതേസമയം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരിഗണിച്ചില്ല. സൂര്യകുമാർ യാദവാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ ടീമിനെ നയിക്കുക. ജനുവരി 22ന് കോൽക്കത്തയിലാണ് ആദ്യ മത്സരം. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ഷമി ടീമിലേക്കുള്ള തിരിച്ചുവരവിനായുള്ള കഠിന പരിശീലനത്തിലായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ട്വന്റി 20യിൽ രണ്ടു സെഞ്ചുറി നേടിയ സഞ്ജു മിന്നും ഫോമിലാണ്.
അതേസമയം പന്തിനെ ഒഴിവാക്കി ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി യുവതാരം ധ്രുവ് ജുറെലിന് അവസരം നൽകിയെന്നതും ശ്രദ്ധേയമാണ്. ഓപ്പണറായി അഭിഷേക് ശർമ സ്ഥാനം നില നിർത്തി. യശസ്വി ജയ്സ്വാളിനെ ഉൾപ്പെടുത്തിയില്ല. ശിവം ദുബെയ്ക്കും ടീമിൽ ഇടം ലഭിച്ചില്ല.പരിക്കിന്റെ പിടിയിലായ റിയാൻ പരാഗിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ്, സഞ്ജു സാംസണ്, അഭിഷേക് ശർമ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഢി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ഹർഷിദ് റാണ, ധ്രുവ് ജുറെൽ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി വിഷ്ണോയ്, വരുണ്‍ ചക്രവർത്തി, വാഷിംഗ്ടണ്‍ സുന്ദർ.