ഏകദിനം: രാഹുലിന് വിശ്രമമില്ല
Sunday, January 12, 2025 12:39 AM IST
മുംബൈ: കെ.എൽ. രാഹുലിനോട് ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരന്പരയ്ക്കൊരുങ്ങാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി നിർദേശിച്ചു.
നേരത്തെ രാഹുൽ ഇംഗ്ലണ്ടിനെതിരേയുള്ള പരന്പരയിൽ നിന്ന് മാറിനിൽക്കുമെന്നും, തീരുമാനം ബിസിസിഐ അംഗീകരിച്ചെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രാഹുലിനോട് ഏകദിനത്തിൽ കളിക്കാൻ തയാറാകാൻ അറിയിച്ചിരിക്കുകയാണ്.
ചാന്പ്യൻസ് ട്രോഫിക്കു മുൻപായി മത്സര പരിചയം കിട്ടാൻ ഇത് സഹായകമാവുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.
അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരന്പരയിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ ബാറ്റിംഗിൽ അല്പമെങ്കിലും മികവ് പുറത്തെടുത്ത ഒരാളായിരുന്നു രാഹുൽ. 10 ഇന്നിംഗ്സുകളിൽ നിന്നായി 276 റണ്‍സ് നേടിയ രാഹുൽ പരന്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍ നേടിയവരിൽ മൂന്നാമനായിരുന്നു.
ചാന്പ്യൻസ് ട്രോഫി ടീമിൽ ഇടംപിടിക്കാൻ സാധ്യത കൂടുതലാണെങ്കിലും വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേക്ക് ഋഷഭ് പന്ത്, സഞ്ജു സാംസണ് എന്നിവരിൽനിന്ന കടുത്ത വെല്ലുവിളി രാഹുൽ നേരിടുന്നുണ്ട്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇത്ര മത്സരം ഉള്ളതുകൊണ്ട് കൂടിയാവണം രാഹുലിനോട് ഏകദിനം കളിക്കാൻ ബിസിസിഐ ആവശ്യപ്പെടുന്നത്.