ബുംറയാണു താരം
Monday, January 6, 2025 1:12 AM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പര 3-1ന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും താരമായി തെരഞ്ഞെടുക്കപ്പെട്ടത് പേസർ ജസ്പ്രീത് ബുംറയെ.
പരന്പരയിൽ ഇന്ത്യ ജയിച്ച പെർത്തിലും സിഡ്നിയിലെ അവസാന ടെസ്റ്റിലും ബുംറയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. പരിക്കിനെത്തുടർന്ന് സിഡ്നി ടെസ്റ്റിൽ ആകെ 10 ഓവർ മാത്രമാണ് ബുംറ എറിഞ്ഞത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ബുംറ ബൗൾ ചെയ്യാനെത്തിയില്ല.
പരന്പരയിൽ 32 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇന്ത്യ x ഓസ്ട്രേലിയ പരന്പര ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടമെന്ന റിക്കാർഡിനൊപ്പമാണ് ബുംറ. 2000-01ൽ ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ ഹർഭജൻ സിംഗും 32 വിക്കറ്റ് വീഴ്ത്തിയിരുന്നു. അതേസമയം, ഓസ്ട്രേലിയയിൽ ഒരു പരന്പരയിൽ ഒരു ഇന്ത്യൻ ബൗളർ നേടുന്ന ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റിക്കാർഡ് ബുംറ സ്വന്തമാക്കി. 47 വർഷം പഴക്കമുണ്ടായിരുന്ന ബിഷൻ സിംഗ് ബേദിയുടെ 31 വിക്കറ്റ് എന്ന റിക്കാർഡാണ് ബുംറ തിരുത്തിയത്.
‘നിരാശാജനകമാണ്. എങ്കിലും നമ്മൾ ശരീരത്തിനും ചെവി കൊടുക്കണം. അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനായത്’-സിഡ്നി ടെസ്റ്റിനുശേഷം പരിക്ക് സൂചിപ്പിച്ച് ബുംറ പറഞ്ഞു.