സ്വിംഗ് സിറാജ്
Sunday, January 5, 2025 12:04 AM IST
സിഡ്നി: ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ പരിക്കിനിടയിലും ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് 181ൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത് മുഹമ്മദ് സിറാജിന്റെ സ്വിംഗ് ബൗളിംഗ്.
ഒപ്പം പ്രസിദ്ധ് കൃഷ്ണയുടെ ആക്രമണോത്സുകതയും നിതീഷ് കുമാറിന്റെ പിന്തുണയുമായപ്പോൾ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ നാലു റണ്‍സിന്റെ ലീഡ്. 185നു പുറത്താക്കിയ ആതിഥേയരെ 181നു എറിഞ്ഞിട്ടുള്ള തിരിച്ചടിയായിരുന്നു ഇന്ത്യ x ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനത്തിന്റെ ഹൈലൈറ്റ്.
ഇൻ & ഔട്ട് സ്വിംഗ്
ഈ പരന്പരയിൽ ഏറ്റവും മികച്ച സ്വിംഗ് ബൗളിംഗ് കാഴ്ചവച്ചത് ഇന്ത്യയുടെ മുഹമ്മദ് സിറാജാണ്. എന്നാൽ, ആദ്യ നാലു ടെസ്റ്റിലും കാര്യമായി വിക്കറ്റ് നേടാൻ സാധിച്ചില്ല. ഒരു ഡിഗ്രിയിൽ അധികം പന്ത് ഇരു ഭാഗത്തേക്കും (ഇൻ സ്വിംഗ്, ഔട്ട് സ്വിംഗ്) സ്വിംഗ് ചെയ്യിച്ച ഈ പരന്പരയിലെ ഏക ബൗളറാണ് സിറാജ്. സിഡ്നിയിൽ സിറാജിന്റെ സ്വിംഗ് അതിന്റെ പാരമ്യതയിലായിരുന്നു.
സിഡ്നിയിൽ ഇന്നിംഗ്സിലെ ആദ്യ 20 ഓവറിലെ ശരാശരി സ്വിംഗ് 2.2 ഡിഗ്രി. ബുംറയുടേത് 1.1ഉം പ്രസിദ്ധ് കൃഷ്ണയുടേത് ഒന്നും. ഓസീസ് ബൗളർമാരിൽ ഏറ്റവും കൂടുതൽ ശരാശരി സ്വിംഗ് ബ്യൂ വെബ്സ്റ്ററിനായിരുന്നു, 0.9. ഡിഗ്രി.
ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സിലെ 12-ാം ഓവറിന്റെ രണ്ടാം പന്തിൽ സാം കോണ്‍സ്റ്റാസിനെയും (23) അഞ്ചാം പന്തിൽ ട്രാവിസ് ഹെഡിനെയും (4) സിറാജ് പുറത്താക്കിയത് സ്വിംഗിന്റെ മനോഹാരിതയോടെ. തുടർച്ചയായുള്ള സിറാജിന്റെ ഔട്ട് സ്വിംഗിനു ബാറ്റുവച്ച കോണ്‍സ്റ്റാസ് ഗള്ളിയിൽ ജയ്സ്വാളിന്റെ കൈകളിൽ അവസാനിച്ചു. തുടർച്ചയായി സ്വിംഗ് എറിയുന്നതിനിടെ സ്വിംഗില്ലാത്ത പന്തിലായിരുന്നു ഹെഡിനെ സിറാജ് സെക്കൻഡ് സ്ലിപ്പിൽ രാഹുലിന്റെ കൈകളിലെത്തിച്ചത്.
അതിവേഗം പന്ത്
നാലു റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയപ്പോൾ തകർത്തടിച്ചത് ഋഷഭ് പന്ത്. 29 പന്തിൽ പന്ത് അർധസെഞ്ചുറിയിലെത്തി. ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത് അർധസെഞ്ചുറിയാണ്. 2022ൽ ലങ്കയ്ക്കെതിരേ പന്ത് തന്നെ 28 പന്തിൽ അർധശതകം തികച്ചതാണ് ഇന്ത്യൻ റിക്കാർഡ്. 33 പന്തിൽ 61 റണ്‍സ് പന്ത് സ്വന്തമാക്കി.
വിരാട് കോഹ്ലി ആറു റണ്‍സിനു പുറത്തായത് അദ്ദേഹത്തെ നാണക്കേടിന്റെ റിക്കാർഡിലേക്ക് തള്ളിവിട്ടു. 2024-25 സീസണിൽ കോഹ്ലി രണ്ടക്കം കാണാതിരിക്കുന്നത് 10-ാം തവണയാണ്. ഈ പരന്പരയിൽ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 23.75 മാത്രം.
പെർത്തിൽ സെഞ്ചുറി നേടിയിട്ടുകൂടിയാണിതെന്നതും ശ്രദ്ധേയം. 141/6 എന്ന സ്കോറിലാണ് രണ്ടാംദിനം ഇന്ത്യ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. രവീന്ദ്ര ജഡേജയും (8) വാഷിംഗ്ടണ്‍ സുന്ദറുമാണ് (6) ക്രീസിൽ.