അശ്വിനും രോഹിത്തിനും ശേഷം അടുത്തത് കോഹ്ലി എന്നു റിപ്പോർട്ട്
Saturday, January 4, 2025 1:24 AM IST
നൈസായി അങ്ങ് ഒഴിവാക്കിയല്ലേ... ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽനിന്നു രോഹിത് ശർമയെ മാറ്റിയതിനെ ഇതിൽക്കവിഞ്ഞു വിശേഷിപ്പിക്കാനാവില്ല.ടെസ്റ്റ് ടീമിൽ ഇനി രോഹിത്തിന്റെ ആവശ്യമില്ലെന്ന് സെലക്ടർമാർ അദ്ദേഹത്തോടു പറഞ്ഞതായാണ് വിവരം.
ഫോം ഔട്ടാണെങ്കിലും ഏതൊരു താരവും ഇതുവരെ നൽകിയ സംഭാവനകൾ മറക്കുക മാന്യതയല്ല. മാന്യമായ ഒരു യാത്രയയപ്പ് നൽകുന്ന പാരന്പര്യക്കാരല്ല ബിസിസിഐ എന്നതിനാൽ രോഹിത്തിനു വിഷമമുണ്ടായേക്കില്ല. കാരണം, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്, എം.എസ്. ധോണി തുടങ്ങിയവർക്കാർക്കും യാത്രയയപ്പ് മത്സരം നൽകാൻ ബിസിസിഐ തയാറായിട്ടില്ല. ഇക്കാലഘട്ടത്തിൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് വിരമിക്കൽ മത്സരം കളിക്കാൻ അവസരം ലഭിച്ച ഏക താരം.
ഓസ്ട്രേലിയയ്ക്കെതിരായ മെൽബണ്‍ ടെസ്റ്റ് ആയിരിക്കും രോഹിത് ശർമയുടെ അവസാന റെഡ് ബോൾ ക്രിക്കറ്റ് എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ സ്പിന്നർ ആർ. അശ്വിനു പിന്നാലെ ഈ പരന്പരയ്ക്കിടെ ടീം ഇന്ത്യയുടെ വാതിൽകടന്നു പുറത്തുപോയ മറ്റൊരു താരമാകും രോഹിത് എന്നതും മറ്റൊരു ദുഃഖം.
വാസ്തവം എന്തുതന്നെയാണെങ്കിലും അഞ്ചാം ടെസ്റ്റിൽനിന്ന് രോഹിത് സ്വമേധയാ മാറിനിൽക്കുകയാണെന്നാണ് ടീം വൃത്തങ്ങൾ നൽകിയിരിക്കുന്ന വിശദീകരണം. അശ്വിനും രോഹിത്തിനും ശേഷം അടുത്തത് വിരാട് കോഹ്ലിക്കെതിരേയാണ് സെലക്ടർമാരുടെ നീക്കമെന്നും റിപ്പോർട്ടുണ്ട്. ഗൗതം ഗംഭീറിന്റെ ശിക്ഷണകാലത്ത് ഇനി എന്തെല്ലാം സംഭവിക്കുമെന്നും കണ്ടറിയുകതന്നെ...
കോഹ്ലിക്കെതിരേ നീക്കം
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വരുംദിനങ്ങളിൽ രോഹിത് ശർമ ഉണ്ടാകില്ലെന്ന് അദ്ദേഹത്തോട് ബിസിസിഐ നേരിട്ട് അറിയിച്ചെങ്കിൽ, രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റ് കരിയർ അവസാനിച്ചെന്നു ചുരുക്കം.
രോഹിത്തിനുശേഷം ഇനി വിരാട് കോഹ്ലിയുമായി കൂടിക്കാഴ്ച നടത്താനാണ് ബിസിസിഐ സെലക്ടർമാരുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള നിർണായക തീരുമാനമാണ് ലക്ഷ്യം. നിലവിലെ മോശം ഫോമിൽ ഇനിയും തുടർന്നാൽ രോഹിത്തിനു പിന്നാലെ കോഹ്ലിയും ടീമിൽനിന്നു പുറത്താകുമെന്നാണ് സൂചന.
ടെസ്റ്റിൽ 10,000 റണ്‍സ് തികയ്ക്കാനുള്ള അവസരം കോഹ്ലിക്കു നൽകിയേക്കുമെന്നും കരുതപ്പെടുന്നു. 9224 റണ്‍സ് ടെസ്റ്റിൽ ഇതുവരെ കോഹ്ലി നേടിയിട്ടുണ്ട്. 30 സെഞ്ചുറിയും 31 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
ടീം മാറ്റത്തിന്റെ പാതയിൽ
ടീം ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നാണ് ബിസിസിഐ കേന്ദ്രങ്ങളിൽനിന്നുള്ള വിശദീകരണം. പല മുതിർന്ന താരങ്ങളും ഈ വഴിയിൽ കൊഴിഞ്ഞുപോയേക്കാം. രോഹിത് ശർമ മാറിനിന്നതിനോടു വൈകാരികമായാണ് ഋഷഭ് പന്ത് പ്രതികരിച്ചത്. ചില തീരുമാനങ്ങളിൽ നമ്മൾ ഒട്ടും പങ്കാളികളായിരിക്കില്ല, രോഹിത്തിന്റെ കാര്യത്തിൽ മാനേജ്മെന്റിന്റെ തീരുമാനമാണ് നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ അധികം വിശദീകരണം നൽകാൻ ഞാൻ ആളല്ല എന്നതായിരുന്നു പന്തിന്റെ പ്രതികരണം.
രവീന്ദ്ര ജഡേജ ഈ മാറ്റത്തിന്റെ സമയത്തും ടീമിലുണ്ടാകുമെന്നുമാണു ചില കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.
ഓസ്ട്രേലിയയെ കണ്ടു പഠിക്കണം
മാന്യമായ യാത്രയയപ്പ് മുതൽ ഓസ്ട്രേലിയക്കാരിൽനിന്ന് ഇന്ത്യക്കു പഠിക്കാനേറെയുണ്ട്. പന്ത് ചുരണ്ടി ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിലേക്കു തള്ളിവിട്ട ഡേവിഡ് വാർണറിനുവരെ യാത്രയയപ്പ് നൽകിയവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). പോരാട്ട വീര്യമാണ് ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യൻ ടീം കണ്ടുപഠിക്കേണ്ട മറ്റൊരു കാര്യം.
ഓസ്ട്രേലിയൻ പര്യടനത്തിൽ പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ടീം ഇന്ത്യ ജയിച്ചത് 195 റണ്‍സിന്. 3-0നു ന്യൂസിലൻഡിനോടു പരാജയപ്പെട്ടശേഷം ഓസ്ട്രേലിയയിൽ എത്തിയ ടീമിനു മാനസിക കരുത്തു വർധിപ്പിക്കാൻ മറ്റെന്തുവേണം...?
എന്നാൽ, അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റ് മുതൽ പിന്നീടങ്ങോട്ട് പിന്നോട്ടു നടക്കുന്ന ടീം ഇന്ത്യയെയാണ് ഓസ്ട്രേലിയൻ മണ്ണിൽ കാണുന്നത്. ഇന്ത്യൻ ടീമുമായി തട്ടിച്ചുനോക്കിയാൽ ഓസ്ട്രേലിയൻ ടീം അത്ര മെച്ചമൊന്നുമല്ല എന്നതും വാസ്തവം.