ഗാബ ഗലാട്ട...
Saturday, December 14, 2024 1:17 AM IST
ബ്രിസ്ബെയ്ൻ: ഇന്ത്യൻ സമയം ഇന്നു പുലരുന്പോഴേക്കും ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള ഗാബ സ്റ്റേഡിയത്തിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂട് തുടങ്ങിക്കഴിഞ്ഞിരിക്കും.
ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്നു ഗാബയിൽ തുടക്കം. അഞ്ചു മത്സര പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ 1-1 സമനിലയിലാണ് ഇരുടീമും. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 5.50 മുതൽ മത്സരം ആരംഭിക്കും.
2021ന്റെ ഓർമ
2021ൽ ഗാബയിൽ ഇന്ത്യ ചരിത്ര ജയം നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഋഷഭ് പന്ത് 89 റണ്‍സുമായി പുറത്താകാതെനിന്ന് ഇന്ത്യയെ മൂന്നു വിക്കറ്റ് ജയത്തിലെത്തിച്ചു. ഗാബയിൽ 32 വർഷത്തിനുശേഷം ഓസ്ട്രേലിയയുടെ ആദ്യ തോൽവിയായിരുന്നു അത്. 2021 ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വീണ്ടും ഗാബയിൽ എത്തിയിരിക്കുന്നത്.
എന്നാൽ, ഇന്ത്യയെ അലട്ടുന്ന പ്രശ്നങ്ങൾ രോഹിത് ശർമയുടെ ബാറ്റിംഗ് ഫോമാണ്. രണ്ടാം ടെസ്റ്റിൽ രോഹിത് മധ്യനിരയിലേക്ക് ഇറങ്ങി കെ.എൽ. രാഹുലിനെ ഓപ്പണിംഗിൽ പരീക്ഷിച്ചെങ്കിലും രണ്ടുപേരും നിരാശപ്പെടുത്തി.
പെർത്തിൽ സെഞ്ചുറി നേടിയെങ്കിലും സൂപ്പർ താരം വിരാട് കോഹ്ലിയുടെ ബാറ്റിംഗിലും ഇന്ത്യക്ക് ആശങ്കയുണ്ട്.
ബൗണ്‍സ് പിച്ച്
ഗാബയിലെ പിച്ചിൽ അധികം പച്ചപ്പും പുല്ലും ഇല്ലെന്നാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ നിരീക്ഷണം. എന്നാൽ, പിച്ചിൽനിന്നു ലഭിക്കുന്ന ബൗണ്‍സറുകൾ മുതലാക്കി, ഇന്ത്യക്കെതിരേ ആക്രമണം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്മിൻസ് വെളിപ്പെടുത്തിക്കഴിഞ്ഞു.
സ്റ്റീവ് സ്മിത്തിന്റെ ഫോം നഷ്ടപ്പെട്ടത് ഓസ്ട്രേലിയൻ സ്കോറിംഗിനെ ബാധിച്ചിട്ടുണ്ട്. 24 ഇന്നിംഗ്സിനു മുന്‍പാണ് സ്മിത്തിന്റെ അവസാന സെഞ്ചുറി. ജനുവരിയിൽ ബ്രിസ്ബെയ്നിൽ വെസ്റ്റ് ഇൻഡീസിന് എതിരേ നേടിയ 91* ആണ് 2024ൽ സ്മിത്തിന്റെ ഇതുവരെയുള്ള ടോപ് സ്കോർ.
ഹെയ്സൽവുഡ്
ഓസ്ട്രേലിയൻ പേസ് ആക്രമണ സംഘത്തിലേക്ക് ജോഷ് ഹെയ്സൽവുഡ് തിരിച്ചെത്തി. പരിക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ ഹെയ്സൽവുഡ് ഇല്ലായിരുന്നു. ഇന്നലെത്തന്നെ ഓസ്ട്രേലിയ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ്-ഹെയ്സൽവുഡ് ത്രയമാണ് ഓസീസ് പേസ് ആക്രമണം നയിക്കുന്നത്. ഓസീസ് പേസ് ആക്രമണത്തെ മുന്നിൽനിന്നു നേരിടാൻ രോഹിത് ശർമ ഓപ്പണർ സ്ഥാനത്ത് തിരിച്ചെത്തുമോ എന്നും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.